Film News
ഡിസാസ്റ്ററുകള്‍ക്ക് ശേഷം വിജയ് ദേവരകൊണ്ടക്കും സാമന്തക്കും ആശ്വാസമായി ഖുഷി; പ്രേക്ഷക പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 01, 06:15 am
Friday, 1st September 2023, 11:45 am

സാമന്ത- വിജയ് ദേവരകൊണ്ട ചിത്രം ഖുഷി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ചിത്രം ഒരു റൊമാന്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്ലോട്ട്, മ്യൂസിക്, പെര്‍ഫോമന്‍സ് എന്നീ മേഖലകളിലെല്ലാം തൃപ്തികരമാണ് സിനിമ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സാമന്തയും വിജയ്‌യും തമ്മിലുള്ള കെമിസ്ട്രിയും വര്‍ക്ക് ഔട്ടായെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ പാട്ടുകള്‍ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും ഉള്‍പ്പെടുന്ന ടെക്‌നിക്കല്‍ സൈഡിനും പ്രശംസ ലഭിക്കുന്നുണ്ട്. അതേസമയം സിനിമയില്‍ സ്‌പെഷ്യലായൊന്നുമില്ലെന്നും ആവറേജ് അനുഭവമാണെന്നും ചിലര്‍ പറയുന്നുണ്ട്.

സാമന്തയുടെയും വിജയ് ദേവരകൊണ്ടയുടെയും മുന്‍ചിത്രങ്ങളായ ശാകുന്തളവും ലൈഗറും ബോക്‌സ് ഓഫീസ് ഡിസാസ്റ്ററുകളായിരുന്നു. ഇതിന് ശേഷമെത്തിയ ഖുഷിക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് ഇരുവര്‍ക്കും ആശ്വസമായിരിക്കുകയാണ്.

വിപ്ലവ്, ആരാധ്യ എന്നീ കഥാപാത്രങ്ങളായാണ് വിജയ്‌യും സാമന്തയും ചിത്രത്തിലെത്തുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വ്യത്യസ്ത ജാതിയിലുള്ള കമിതാക്കള്‍ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് ഖുഷി നിര്‍മിച്ചിരിക്കുന്നത്. മഹാനടി എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുഷി.

ജയറാം, സച്ചിന്‍ ഖേഡേക്കര്‍, മുരളി ശര്‍മ ലക്ഷ്മി, അലി, രോഹിണി, വെണ്ണല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Audience response of Kushi movie