അടുത്ത കാലത്ത് മലയാളം സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ്. പ്രതീക്ഷകളുടെ അമിത ഭാരമോ വന്‍ താരനിരയോ ഇല്ലാതിരുന്നിട്ടും ചിത്രം ഓണം റിലീസ് വിന്നറായിരുന്നു.
കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സാധാരണ ഗതിയില്‍ തിയേറ്ററില്‍ വിജയമായ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ വന്നാല്‍ വിമര്‍ശനങ്ങളേല്‍ക്കുമായിരുന്നു. ആര്‍.ഡി.എക്‌സിന്റെ വിധിയും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ഒ.ടി.ടി റിലീസിന് തൊട്ടുമുമ്പുള്ള ചര്‍ച്ചകള്‍. ചിത്രത്തിന് അണ്ടര്‍റേറ്റഡ്, ഓവര്‍റേറ്റഡ് ടാഗുകള്‍ ലഭിക്കുമെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിലും മികച്ച പ്രകടനമാണ് ആര്‍.ഡി.എക്‌സിന് ലഭിക്കുന്നത്.
കന്നി സംവിധാനത്തിലെത്തിയ ചിത്രം തന്നെ മികച്ചതാക്കിയ നഹാസ് ഹിദായത്തിനാണ് സോഷ്യല്‍ മീഡിയ ആദ്യം കയ്യടി കൊടുക്കുന്നത്. നീരജിനേയും ആന്റണി വര്‍ഗീസിനേയും ഷെയ്‌നിനേയും ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിച്ചതിനും കയ്യടി ഉയരുന്നുണ്ട്.
ക്ലൈമാക്‌സിലെ ബാബു ആന്റണിയുടെ മാസും ചര്‍ച്ചയാവുന്നുണ്ട്. നീരജും പെപ്പെയും ഷെയ്‌നും സിനിമ മുഴുവന്‍ ഉണ്ടാക്കിയ ഓളം ഒറ്റ രംഗത്തില്‍ ബാബു ആന്റണി നേടി. ഒ.ടി.ടിയില്‍ കണ്ട പലരും ചിത്രം തിയേറ്ററില്‍ കാണാതെ പോയത് വലിയ നഷ്ടമായെന്നും പറയുന്നുണ്ട്.
ആര്‍.ഡി.എക്‌സ് ഒ.ടി.ടി റിലീസിന് പിന്നാലെ തല്ലുമാലയുമായുള്ള താരതമ്യങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്.
അതേസമയം ആര്‍.ഡി.എക്‌സ് കഴിഞ്ഞ ദിവസം 100 കോടി കളക്ഷന്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയിരുന്നു. ടോട്ടല്‍ ബിസിനസിലൂടെയാണ് ചിത്രം 100 കോടി നേടിയത്.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Audience response for RDX after ott release