പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം പുഴുവിന് അഭിനന്ദന പ്രവാഹം. റിലീസ് ഡേറ്റിന് ഒരു ദിവസം മുമ്പ് തന്നെ ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്തുതുടങ്ങിയിരുന്നു. ഏപ്രില്‍ 12 ന് വൈകുന്നേരം സ്ട്രീം ചെയ്തുതുടങ്ങിയതിന് മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ തുടങ്ങി.
മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച സോഷ്യല്‍ മീഡിയ ഇത്തവണയും അഭിനയത്തിലൂടെ ഞെട്ടിച്ചുവെന്നും പറയുന്നു. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകള്‍ ഇനിയാണ് വരാന്‍ പോകുന്നതെന്ന് പൃഥ്വിരാജിന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് പുഴു എന്ന് പ്രേക്ഷകര്‍ പറയുന്നു.
റത്തീനയുടെ സംവിധാന മികവിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നു. പാര്‍വതിയും ഒപ്പം നാടകനടനായ കുട്ടപ്പനായി എത്തിയ അപ്പുണ്ണി ശശിയും മികച്ച പ്രകടനം കൊണ്ട് തങ്ങളുടെ റോള്‍ ഗംഭീരമാക്കിയെന്ന് പ്രേക്ഷകര്‍ പറയുന്നു.
ബാലതാരമായ വാസുദേവ സജീഷിനും അഭിനന്ദനങ്ങള്‍ എത്തുന്നു. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വാദനത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു.
ജാതി വ്യവസ്ഥ, വര്‍ണ്ണവിവേചനം, ടോക്‌സിക് പേരന്റിംഗ് എന്നിങ്ങനെ ഈ ആധുനിക സമൂഹത്തിലും പ്രസ്‌കതമായ വിഷയങ്ങള്‍ മികച്ച രീതിയില്‍ തന്നെ ചിത്രം പറഞ്ഞു പോകുന്നുണ്ട്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പ്രമോ വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം മമ്മൂട്ടിയുടെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ പുഴു ആവറേജ് അനുഭവമാണ് നല്‍കിയതെന്ന അഭിപ്രായവും വരുന്നുണ്ട്.
Content Highlight: audience response for puzhu starring mammootty and parvathy thiruvoth