'ഇമോഷണല്‍ സീനില്‍ ഫഹദിനേക്കാള്‍ മികച്ചവന്‍, ഭരതത്തിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു..'; ആസിഫ് അലിക്ക് പ്രശംസകള്‍
Entertainment
'ഇമോഷണല്‍ സീനില്‍ ഫഹദിനേക്കാള്‍ മികച്ചവന്‍, ഭരതത്തിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു..'; ആസിഫ് അലിക്ക് പ്രശംസകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th November 2024, 1:50 pm

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായിരുന്നു ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബാഹുല്‍ രമേശ് ആയിരുന്നു.

സെപ്റ്റംബര്‍ 12ന് തിയേറ്ററില്‍ എത്തിയ ഈ സിനിമയില്‍ വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയരാഘവന്‍ അവതരിപ്പിച്ച അപ്പു പിള്ള എന്ന കഥാപാത്രവും ആസിഫ് അലിയുടെ അഭിനയവും തിയേറ്റര്‍ റിലീസിന്റെ സമയത്ത് ഒരുപോലെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ‘കിഷ്‌ക്കിന്ധാ കാണ്ഡം’ ഒ.ടി.ടിയില്‍ റിലീസായിരിക്കുകയാണ്. ഹോട്ട്‌സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ മലയാളി പ്രേക്ഷകരും നിരവധി അന്യഭാഷാ പ്രേക്ഷകരുമാണ് സിനിമയെ പ്രശംസിക്കുന്നത്. അതില്‍ ആസിഫ് അലിയുടെ ഇമോഷണല്‍ സീനിലെ അഭിനയത്തെ പ്രശംസിക്കുന്നവരാണ് കൂടുതലും.

ചില ആളുകള്‍ ആസിഫ് അലിക്ക് ഫഹദ് ഫാസിലിന് മുകളിലുള്ള നടനെന്ന് പറഞ്ഞ് ഹൈപ്പ് കൊടുത്തിരുന്നെന്നും അന്ന് തനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഒരു എക്‌സ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇമോഷണല്‍ സീനുകളുടെ കാര്യത്തില്‍ ഫഹദിനേക്കാള്‍ മികച്ചവനാണ് ആസിഫെന്നും പോസ്റ്റില്‍ പറയുന്നു. കിഷ്‌ക്കിന്ധാ കാണ്ഡത്തിലെ ആസിഫ് അലിയുടെ ഇമോഷണല്‍ സീനിലെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് ഈ പോസ്റ്റ്.

സിനിമയിലെ ആസിഫ് അലിയുടെ അഭിനയം ഭരതത്തിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതാണെന്നും ചില എക്‌സ് പോസ്റ്റുകളുണ്ട്. തിയേറ്ററില്‍ കിടിലം ക്ലൈമാക്‌സ് കാണുമ്പോള്‍ സോഷ്യല്‍ ആന്‍സൈറ്റി കാരണം കയ്യടിക്കാന്‍ പറ്റാറില്ലെന്നും എന്നാല്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തിലെ ക്ലൈമാക്‌സ് കണ്ടപ്പോള്‍ ഓട്ടോമാറ്റിക്കായി കൈയ്യടിച്ചു പോയെന്നും ഒരാള്‍ എക്‌സില്‍ പറയുന്നു.


കിഷ്‌ക്കിന്ധാ കാണ്ഡം കണ്ടില്ലെങ്കില്‍ അത് വലിയ ഒരു നഷ്ടമാകുമെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.


Content Highlight: Audience Praise Asif Ali’s performance In Kishkindha Kaandam Movie