| Tuesday, 28th April 2015, 10:31 am

കാര്‍ബണ്‍ ഡൈ ഒാക്‌സൈഡ് + വെള്ളം = ഗോലി സോഡയല്ല, ഡീസല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരമ്പരാഗത ഇന്ധനങ്ങള്‍ക്കു പകരം മറ്റൊന്ന് എന്ന വിഷയത്തില്‍ ലോകത്തില്‍ പലയിടങ്ങളിലും ചര്‍ച്ചകളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഈ രംഗത്ത് പുതിയ കാല്‍വെയ്പ്പ് എന്ന രീതിയില്‍ ഓഡി കൃത്രിമ ഇന്ധനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓഡി-ഇ-ഡീസല്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

ജര്‍മനിയിലെ ഡ്രസ്ഡണിലെ ഒരു പ്ലാന്റില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്.

പവ്വര്‍ ടു ലിക്വിഡ് തത്വം അനുസരിച്ചാണ് ഡ്രസ്ഡണിലെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ദ്രാവക ഇന്ധനം നിര്‍മിക്കുന്നതിനായി ഹരിത ശക്തിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ജലവും കാര്‍ബണ്‍ഡൈ ഓക്‌സൈഡും മാത്രമാണ് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍.

ബയോഗ്യാസ് സൗകര്യം ഉപയോഗിച്ച് നിര്‍മിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമേ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ ഒരു ഭാഗം വായുവില്‍ നിന്ന് നേരിട്ട് വലിച്ചെടുക്കുകയും ചെയ്യുന്നു.

ഇന്ധനം നിര്‍മ്മിക്കുന്ന വിധം:

1. ജലം ചൂടാക്കി വാതക നീരാവിയാക്കുന്നു. ഇതിനെ ഉന്നത ഊഷ്മാവില്‍ ഇലക്ട്രോളിസിസിനു വിധേയമാക്കി ഹൈട്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുന്നു.
2. അടുത്ത ഘട്ടത്തില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലും ഊഷ്മാവിലും ഹൈഡ്രജന്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡുമായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഫലമായി ഒരു ദ്രാവകം രൂപം കൊള്ളുന്നു. ബ്ലൂ ക്രൂഡ് എന്നാണിത് അറിയപ്പെടുന്നത്.

ഫോസില്‍ ക്രൂഡ് ഓയില്‍ വേര്‍തിരിക്കുന്നതുപോലെ ബ്ലൂ ക്രൂഡ് വേര്‍തിരിച്ച് ഓഡി-ഇ-ഡീസലാക്കി മാറ്റും.

കൃത്രിമ പെട്രോളായ ഓഡി-ഇ-ഗ്യാസോലിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോള്‍.

We use cookies to give you the best possible experience. Learn more