അവന് റൊണാള്‍ഡോയെ പോലെയുള്ള പോരാട്ടവീര്യമില്ല; വിമര്‍ശനവുമായി സൗദി മുന്‍താരം
Football
അവന് റൊണാള്‍ഡോയെ പോലെയുള്ള പോരാട്ടവീര്യമില്ല; വിമര്‍ശനവുമായി സൗദി മുന്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th November 2023, 1:02 pm

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സീസണില്‍ സൗദിയിലെത്തിയ താരമാണ് റിയാദ് മെഹറസ്. അല്‍ അഹ്ലിക്ക് വേണ്ടി താരം നടത്തുന്ന പ്രകടനങ്ങള്‍ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു നിന്നിരുന്നു.

ഇപ്പോഴിതാ മെഹറസിന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ സൗദി അറേബ്യന്‍ താരമായ ഹുസൈന്‍ അബ്ദുല്‍ അല്‍ ഗനി.

അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അത്ര അഭിനിവേശം റിയാദ് മഹ്റസിന് ഇല്ലെന്നാണ് ഹുസൈന്‍ അബ്ദുല്‍ പറഞ്ഞത്.

‘റൊണാള്‍ഡോയെ പോലെ മികച്ച കഴിവുകള്‍ ഉണ്ടായിരുന്നിട്ടും അത്ര ആവേശം റിയാദിനില്ല. ലോകത്തിലെ ഏറ്റവും മികച്ച വിങ്ങര്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ ഇതുവരെ തന്റെ കഴിവിന്റെ 40% പോലും അവന്‍ കാണിച്ചിട്ടില്ല. പന്തിന് പിന്നാലെ ഓടുന്ന റൊണാള്‍ഡോയുടെ കളി അവന്‍ കാണണം. അവന്റെ കരിയര്‍ കണക്കിലെടുക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പ് നേടേണ്ട ആവശ്യമില്ല. പക്ഷേ റോണോയുടെ ആവേശം അവനെ അതിന് പ്രേരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം കളിച്ചത് പോലെ മെഹറസ് കളിച്ചാല്‍ നല്ലതായിരിക്കും. അവന്റെ സാധാരണ നിലവാരത്തിന്റെ 60% മുതല്‍ 70% വരെ മികച്ച പ്രകടനം പുറത്തെടുത്താലും ഞങ്ങള്‍ തൃപ്തരാണ്,’ അബ്ദുല്‍ അല്‍ ഗാനി ട്രൈബല്‍ ഫുട്‌ബോള്‍ വഴി പറഞ്ഞു.

ഈ സമ്മറിലാണ് മെഹറസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും അല്‍ അഹ്ലിയില്‍ എത്തുന്നത്. 35 മില്യണ്‍ തുക മുടക്കിയാണ് സൗദി ക്ലബ്ബ് താരത്തെ ഇതിഹാദില്‍ നിന്നും റാഞ്ചിയത്. അല്‍ അഹ് ലിക്കായി 14 മത്സരങ്ങള്‍ കളിച്ച താരം ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

സൗദി ലീഗില്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മെഹറസിന്റെ ടീം.

അതേസമയം അല്‍ നസര്‍ സൂപ്പര്‍ താരം റൊണാള്‍ഡോ തന്റെ 38 വയസ്സിനും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി സൗദിയിലെ ടോപ്പ് സ്‌കോറര്‍ ആണ് റൊണാള്‍ഡോ.

Content Highlight: Saudi former player criticize Riyad meherez performance.