| Tuesday, 19th June 2018, 9:23 am

കാറിലെ മലിനീകരണ തോത് കുറച്ച് കാണിക്കാന്‍ സോഫ്റ്റ്‌വെയര്‍; ഓഡി സി.ഇ.ഒ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: വോക്സ് വാഗണ്‍ ആഡംബര കാറായ ഓഡി കാറുകളില്‍ മലിനീകരണ തോത് കുറച്ച് കാണിക്കാനുള്ള സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ച കേസില്‍ ചീഫ് എക്സിക്യൂട്ടീവ് റുപര്‍ട്ട് സ്റ്റാഡ്ലര്‍ അറസ്റ്റില്‍. കേസില്‍ കമ്പനിക്കെതിരെ കഴിഞ്ഞ വര്‍ഷം 430 കോടി ഡോളര്‍ പിഴ ചുമത്തിയിരുന്നു. സംഭവത്തില്‍ ആറ് ഉന്നതദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

മലിനീകരണ നിയന്ത്രണ പരിശോധനയില്‍ മലിനീകരണ തോത് കുറച്ച് കാണിച്ച് കബളിപ്പിക്കാനുള്ള സോഫ്റ്റ് വെയര്‍ ആയിരുന്നു വോക്സ് വാഗണ്‍ കാര്‍ എഞ്ചിനുകളില്‍ ഘടിപ്പിച്ചിരുന്നത്.

പരിശോധന സമയത്ത് മാത്രം പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള വിദഗ്ദ്ധ സാങ്കേതിക വിദ്യകളായിരുന്നു കമ്പനി ഈ കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ചിരുന്നത്.

ഉയര്‍ന്ന കാര്യക്ഷമതയുള്ള എഞ്ചിന്‍ എന്ന് പേരിലായിരുന്നു കമ്പനി തങ്ങളുടെ കാറുകള്‍ വില്‍പ്പനക്കെത്തിച്ചിരുന്നത്.


Also Read അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുടെ നില ഗുരുതരം


അമേരിക്കയില്‍ വിപണിയിലിറക്കിയ ആറ് ലക്ഷം വാഹനങ്ങളിലെ ഡീസല്‍ എഞ്ചിനിലും ഈ കൃത്രിമ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചിരുന്നു. 430 കോടി ഡോളര്‍ പിഴ എന്നത് ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നാളിതുവരെ ചുമത്തുന്ന ഏറ്റവും വലിയ പിഴ ശിക്ഷയാണ്.

മലിനീകരണ പരിധിയുടെ 40 ഇരട്ടിവരെയായിരുന്നു യഥാര്‍ഥ തോത്. അത് കുറച്ചുകാട്ടി എഞ്ചിന്റ ക്ഷമത കൂട്ടിയാണ് കാറുകള്‍ ഇറക്കിയത്. ഇങ്ങനെയൊരു സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചതായുള്ള ആരോപണം കമ്പനി ആദ്യം നിഷേധിച്ചെങ്കിലും വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതി ഇത് തെളിയിച്ചതോടെ കമ്പനി ഇത് അംഗീകരിക്കാന്‍ തയാറാവുകയായിരുന്നു.

കഴിഞ്ഞ മാസം മാത്രം 60,000 ഓഡി എ6, എ7 മോഡലുകളില്‍ സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയിരുന്നു. സംഭവം പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം 850,000 കാറുകളാണ് ഓഡി തിരിച്ച് വിളിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more