ഒരു ടാങ്ക് ഇന്ധനം, 28 മണിക്കൂറിനുള്ളില്‍ 14 രാജ്യങ്ങള്‍: ഓഡി എ6 ടി.ഡി.ഐയുടെ ഗിന്നസ് റെക്കോര്‍ഡ്
Big Buy
ഒരു ടാങ്ക് ഇന്ധനം, 28 മണിക്കൂറിനുള്ളില്‍ 14 രാജ്യങ്ങള്‍: ഓഡി എ6 ടി.ഡി.ഐയുടെ ഗിന്നസ് റെക്കോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2015, 10:07 am

ausiഡ്രൈവിങ് അസിസ്റ്റന്‍സ് കമ്പനി ആര്‍.എ.സിയുമായി ചേര്‍ന്ന് ഓഡി പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് തീര്‍ത്തു. ഒരു ടാങ്ക് ഇന്ധനത്തില്‍ 14 രാജ്യങ്ങള്‍ ചുറ്റിയാണ് ഓഡി ഗിന്നസില്‍ കയറിയത്.

മോഡിഫൈ ചെയ്തിട്ടില്ലാത്ത ഓഡി എ6 ടി.ഡി.ഐ അള്‍ട്രയാണ് ഈ രാജ്യങ്ങളത്രയും യാത്ര ചെയ്തത്. 1158.9 മൈലുകള്‍ (1865.07 കിലോമീറ്റര്‍) ആണ് ഇതു കറങ്ങിയത്.

73 ലിറ്റര്‍ ഇന്ധന ടാങ്ഖുള്ള ഈകാറിന് 26.87 കിലോമീറ്റര്‍ മൈലേജാണുള്ളത്.  ജൂണ്‍ 9ന് മാസ്ട്രിച്ചിലാണ് ഈ യാത്ര തുടങ്ങിയത്. ജൂണ്‍ 10ന് ഹങ്കറിയില്‍ യാത്ര അവസാനിച്ചു.

ആന്‍ഡ്രൂ ഫ്രാങ്കലും റബേക്ക ജാക്‌സണുമാണ് തുടര്‍ച്ചയായി 28 മണിക്കൂറോളം ഈ വാഹനം ഓടിച്ചത്. നെതര്‍ലന്റില്‍ തുടങ്ങിയ യാത്ര ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, ലിച്‌ടെന്‍സ്റ്റീന്‍, ഓസ്ട്രിയ, ജര്‍മ്മനി, ഇറ്റലി, സ്ലോവാനിയ, ക്രൊയേഷ്യ, ബോസ്‌നിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ഹങ്കറിയില്‍ അവസാനിക്കുകയായിരുന്നു.

മണിക്കൂറില്‍ ശരാശരി 50മൈല്‍ വേഗതയിലാണ് വാഹനമോടിച്ചത്. നിരവധി വെല്ലുവിളികളാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. ഒരു വാഹനാപകടം മൂലമുണ്ടായ ഗതാഗത സ്തംഭനം കാരണം ഇവര്‍ക്ക് ഒരിടത്തു നിന്നും വണ്ടി വഴിതിരിക്കേണ്ടിയും വന്നു. വഴിയിലെ ഒരു ടണല്‍ അടച്ചിരുന്നതിനാല്‍ മലമുകളിലൂടെ വണ്ടി വഴിതിരിച്ചുവിടേണ്ടിയും വന്നു.