| Wednesday, 26th January 2022, 3:19 pm

ഷോ സ്റ്റീലര്‍ ലാലു അലക്‌സ്; 'കുര്യനെ' പ്രശംസിച്ച് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി റിലീസ് ചെയ്തത്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും അഭിനയിച്ച ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമക്ക് മുമ്പ് പൃഥ്വിരാജ് പറഞ്ഞത് പോലെ ഇതൊരു കൊച്ചു സിനിമ തന്നെയാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്‌സിന്റേതാണ്. കുര്യനായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. അദ്ദേഹത്തിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷണല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം.

പ്രത്യേകിച്ചും ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്‌സിന് സാധിച്ചിട്ടുണ്ട്.

അതു പോലെ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അപ്പന്‍ മകന്‍ കോമ്പോയ്ക്കും നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ ചില രംഗങ്ങളിലെ പ്രകടനത്തിന് വിമര്‍ശനം ഉയരുന്നുണ്ട്. ഫസ്റ്റ് ഹാഫ് നന്നായിരുന്നു എന്നും അതേസമയം സെക്കന്റ് ഹാഫ് വലിച്ചു നീട്ടി എന്ന അഭിപ്രായവും പ്രേക്ഷകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

സത്രീകഥാപാത്രങ്ങളില്‍ കല്യാണി പ്രിയദര്‍ശന്‍ തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട്. മറ്റ് പ്രധാന സ്ത്രീകഥാപാത്രങ്ങളായ കനിഹക്കും മീനയ്ക്കും അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

മോഹന്‍ലാലും മല്ലിക സുകുമാരനും ഒന്നിച്ച രംഗങ്ങളും മികച്ച പ്രതികരണങ്ങളാണ് നേടിയിരിക്കുന്നത്.

വലിയ പ്രതീക്ഷകളൊന്നുമില്ലെങ്കില്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് ബ്രോ ഡാഡിയെന്നും പ്രേക്ഷകര്‍ പറഞ്ഞുവെക്കുന്നു.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


Content Highlight: audeince praises the perfomance of lalu alex in bro daddy

We use cookies to give you the best possible experience. Learn more