| Friday, 6th May 2022, 8:47 am

രാജ്യദ്രോഹക്കുറ്റം റദ്ദാക്കേണ്ടതില്ല, ശിക്ഷാ വ്യവസ്ഥ നിലനിര്‍ത്തണം; ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മതി; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124എ പ്രകാരം ചുമത്തപ്പെടുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ വിശാല ബെഞ്ചിന് വിടണോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി.

കേസ് വിശാല ബെഞ്ചിന് വിടണോ എന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പരിശോധിക്കും. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സൂര്യകാന്ത് എന്നിവരടങ്ങിയതാണ് ബെഞ്ച്.

മേയ് പത്തിനായിരിക്കും കോടതി ഇനി ഹരജികള്‍ പരിഗണിക്കുക.

അതേസമയം, രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കിയ 124എ വകുപ്പ് റദ്ദാക്കരുതെന്നും എന്നാല്‍ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോട
തിയില്‍ വാദിച്ചു.

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷാ വ്യവസ്ഥകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹരജികള്‍ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും എ.ജി. കോടതിയില്‍ പറഞ്ഞു.

1962ല്‍ കേദാര്‍നാഥ് സിംഗ് Vs സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസില്‍, 124എ വകുപ്പ് നിലനിര്‍ത്താനായിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത്. ഈ വിധി ശരിയാണെന്നും ഇപ്പോള്‍ ഹരജികള്‍ വിശാല ബെഞ്ചിലേക്ക് മാറ്റേണ്ടതില്ലെന്നും വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

മറിച്ച് രാജ്യദ്രോഹ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

അതേസമയം കേദാര്‍നാഥ് കേസില്‍ വാദം കേട്ടത് അഞ്ചംഗ ബെഞ്ചാണെന്നും അതുകൊണ്ട് നിലവിലെ മൂന്നംഗ ബെഞ്ച് ഹരജികളിന്മേല്‍ വാദം കേള്‍ക്കുന്നത് ഉചിതമാണോയെന്നുമാണ് കോടതി ഈ വരുന്ന ചൊവ്വാഴ്ച പരിശോധിക്കാനിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര, മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി, എഡിറ്റേഴ്‌സ് ഗില്‍ഡ്, അസം ജേര്‍ണലിസ്റ്റ് യൂണിയന്‍, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില് ലിബര്‍ട്ടീസ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

മെയ് ഏഴിനകം വിഷയത്തില്‍ റിട്ടണ്‍ ആര്‍ഗ്യുമെന്റ് സമര്‍പ്പിക്കാന് ഹരജിക്കാരോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. മെയ് ഒമ്പതിനകം ഹരജികളില്‍ കൗണ്ടര്‍ അഫിഡവിറ്റ് സമര്‍പ്പിക്കാനും കേന്ദ്രത്തിന് സമയം അനുവദിച്ചിട്ടുണ്ട്.

Content Highlight: Attorney General KK Venugopal says in Supreme Court that, Section 124A of Sedition law should be retained and only guidelines be laid down to prevent its misuse

We use cookies to give you the best possible experience. Learn more