കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു
Kerala News
കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2019, 5:28 pm

തൃശൂര്‍: പ്രമുഖ കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. . കഴിഞ്ഞ ദിവസമാണ് ആറ്റൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചേലക്കരക്ക് സമീപം ആറ്റൂരില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവ. കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം തൃശ്ശൂരിലായിരുന്നു താമസം.

സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുന്നു.1996ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ വിശിഷ്ടാംഗത്വത്തിനുള്ള പുരസ്‌കാരം മന്ത്രി എ.കെ.ബാലന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സമര്‍പ്പിച്ചത്.