ആറ്റിങ്ങല്‍: വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരായി ഡി.വൈ.എഫ്.ഐ. പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡ് പിടിച്ച് പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ ബി.ജെ.പി. നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകയ്ക്ക് പ്ലക്കാര്‍ഡ് മാറിപ്പോയത്.
വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ, വനം കൊള്ളയ്‌ക്കെതിരെ പ്രതിഷേധം എന്നെഴുതിയ പ്ലക്കാര്‍ഡായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. എന്നാല്‍ ഒരു വനിത പ്രവര്‍ത്തകയുടെ കൈയിലെ പ്ലക്കാര്‍ഡില്‍ മാത്രം ഡി.വൈ.എഫ്.ഐയുടെ മുദ്രാവാക്യമാണുണ്ടായിരുന്നത്.
പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക- ഡി.വൈ.എഫ്.ഐ. എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. അമളി മനസിലായതോടെ പ്രവര്‍ത്തകയും നേതാക്കളും പ്ലക്കാര്‍ഡ് കീറിക്കളഞ്ഞു.
പിന്നാലെ പുതിയ പ്ലക്കാര്‍ഡുമേന്തി പ്രവര്‍ത്തക പ്രതിഷേധത്തില്‍ തുടരുകയായിരുന്നു.