ഇടതുപക്ഷത്തിന് മികച്ച സ്ഥാനാര്‍ത്ഥിയും നല്ല അടിത്തറയും ഉള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. പഴയ ചിറയിന്‍കീഴ് ആയിരുന്ന കാലം മുതല്‍ ഇടതുപക്ഷത്തിന് ഇവിടെ ഒരു മുന്‍തൂക്കമുണ്ട്.
ആയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്നില്‍ കോണ്‍ഗ്രസ്-സി.പി.ഐ സഖ്യം ഉണ്ടായിരുന്ന കാലത്തിലാണ് ആദ്യമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ ജയിക്കുന്നത്. വയലാര്‍ രവി അന്ന് ജയിച്ച മണ്ഡലം പിന്നീട് 20 വര്‍ഷത്തിനുശേഷം സുശീല ഗോപാലന്‍ ഇടതുപക്ഷത്തിന് വേണ്ടി തിരിച്ചുപിടിച്ചു. അതിനുശേഷം കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷമാണ് ജയിച്ചത്.
സുശീലക്ക് ശേഷം സമ്പത്ത് ഒരുതവണ ജയിച്ചു. പിന്നീട് മൂന്നുതവണ വര്‍ക്കല രാധാകൃഷ്ണനും കഴിഞ്ഞ രണ്ടു തവണ സമ്പത്തും ഇവിടെനിന്ന് ജയിച്ചിട്ടുണ്ട്.
മുന്‍പ് ചിറയിന്‍കീഴ് മണ്ഡലം ആയിരുന്ന ഇന്നത്തെ ആറ്റിങ്ങല്‍ നിന്ന് ആദ്യം മുതല്‍ ജയിച്ചു വന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായിരുന്നു. എം.കെ കുമാരന്‍ രണ്ടുതവണ ജയിച്ച മണ്ഡലത്തില്‍ 1967 ല്‍ സമ്പത്തിന്റെ പിതാവായ ശ്രീ അനിരുദ്ധന്‍ തോല്‍പ്പിച്ചത് എസ്.എന്‍.ഡി.പി യോഗത്തിന്റെയും കോണ്‍ഗ്രസിന്റെയും അനിഷേധ്യനായ നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ശ്രീ ആര്‍ ശങ്കറിനെയാണ്.
കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് തുടക്കമായത് ശങ്കറിന്റെ ആ തോല്‍വിയാണ് എന്ന ചരിത്ര പ്രാധാന്യവും ആ രാഷ്ട്രീയ പോരാട്ടത്തില്‍ ഉണ്ട്.
മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിന് ആറ്റിങ്ങല്‍ ഒരുങ്ങുമ്പോള്‍ ശ്രീ സമ്പത്തിനെ നേരിടാന്‍ കോണ്‍ഗ്രസ് തേടുന്നത് എസ്.എന്‍.ഡി.പി യോഗത്തിന്റെ കരുത്തിനെ തന്നെയാണ്. രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ എന്‍.എസ്.എസിന് എങ്ങനെയാണോ ആര്‍.ബാലകൃഷ്ണപിള്ള അതുപോലെയാണ് എസ്.എന്‍.ഡി.പി യോഗത്തിന് അടൂര്‍ പ്രകാശ്. കാര്യമായ സ്ഥാനമാനങ്ങള്‍ നേരിട്ട് വഹിക്കുന്നില്ല എങ്കിലും യോഗത്തില്‍ അടൂര്‍ പ്രകാശിന് ഉള്ള സ്വാധീനം കുറച്ചു കാണുവാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് നല്ല സ്വാധീനമുള്ള കോന്നി മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ജയിച്ചു കയറുന്നതിന്റെ രസതന്ത്രവും ഈ സ്വാധീനം തന്നെയാണ്.
മറ്റൊരു നിര്‍ണ്ണായകമായ ഘടകം പണമാണ്. പണം ധാരാളമായി ഒഴുക്കി വോട്ട് നേടുക എന്നതാണ് അടൂര്‍ പ്രകാശ് കാലാകാലമായി പിന്തുടരുന്ന സ്ട്രാറ്റജി. ഇത്തവണയും അടൂര്‍ പ്രകാശിന്റെയും സംബന്ധി ബിജു രമേശിന്റെയും പണപ്പെട്ടി തന്നെയാകും പേരില്‍ മാത്രം സമ്പത്തുള്ള സമ്പത്ത് നേരിടുന്ന വലിയ വെല്ലുവിളി.
കഴിഞ്ഞതവണ സി.പി.ഐ.എമ്മില്‍ നിന്നും കിട്ടിയ ഒരു വനിതാ റിബല്‍ സ്ഥാനാര്‍ത്ഥിയെ വെച്ച് കുറച്ചേറെ വോട്ട് പിടിക്കാന്‍ കഴിഞ്ഞത് ബി.ജെ.പി മുന്നണിക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പാലക്കാട് കിട്ടാതെപോയ ശോഭാ സുരേന്ദ്രന് ഈഴവ വോട്ടുകളില്‍ കണ്ണുനട്ട് ഇങ്ങ് ആറ്റിങ്ങലില്‍ എത്തുമ്പോള്‍ ശക്തമായ ഒരു മത്സരം എന്നതില്‍ കവിഞ്ഞ് ഒരു പ്രതീക്ഷ ബി.ജെ.പിക്ക് ഉണ്ട് എന്ന് തോന്നുന്നില്ല. എങ്കിലും ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്തിന് പരിസരത്തുള്ള ഈ മണ്ഡലം തങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സംഭാവന ചെയ്യും എന്ന് പ്രചരിപ്പിക്കാന്‍ തന്നെയാണ് ബിജെപി ശ്രമിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആറ്റിങ്ങല്‍ ലോകസഭാ നിയോജകമണ്ഡലം. ഇതില്‍ അരുവിക്കര മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ച അസംബ്ലി മണ്ഡലം. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ സ്വാധീനമാണുള്ളത്.
മറ്റു മണ്ഡലങ്ങളില്‍ പിടിച്ചുനില്‍ക്കുവാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞാല്‍ സമ്പത്തിന് വിജയിച്ചു കയറുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ കോന്നിയില്‍ പലതവണ അടൂര്‍ പ്രകാശ് പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന അടിയൊഴുക്കുകള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയാല്‍ അട്ടിമറി വിജയം അടൂര്‍ പ്രകാശിന് നേടാന്‍ കഴിയും. വോട്ട് ഷെയര്‍ ഒന്നര- രണ്ട് ലക്ഷം എങ്കിലും ആക്കിയാല്‍ ശോഭാ സുരേന്ദ്രന് ബി.ജെ.പിക്ക് ഉള്ളില്‍ നടക്കാന്‍ പോകുന്ന സംഘടനാ പോരില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും.