| Monday, 19th September 2022, 7:24 pm

'പപ്പടം ഏതാ ബ്രാഹ്മിണ്സാണോ, അല്ല പുലയനാ'; ഒളിഞ്ഞും തെളിഞ്ഞും പ്രകടമാവുന്ന ജാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുന്ന ചിത്രമാണ് അറ്റെന്‍ഷന്‍ പ്ലീസ്. ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു ഗോവിന്ദ്, ആനന്ദ് മന്‍മദന്‍, ജിക്കി പോള്‍, ജോണ്‍ പോള്‍, ശ്രീജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

പേട്ട, ജഗമേ തന്തിരം തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രങ്ങളൊരുക്കിയ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്റ് ഒറിജിനല്‍സ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് അറ്റെന്‍ഷന്‍ പ്ലീസ്. സിംഗിള്‍ ലൊക്കേഷനിലാണ് ഈ ചിത്രം നടക്കുന്നത്.

ഒളിഞ്ഞും തെളിഞ്ഞും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിയെ ശക്തമായി തന്നെ അവതരിപ്പിക്കുകയാണ് അറ്റെന്‍ഷന്‍ പ്ലീസ്. കൂട്ടുകാര്‍ക്കിടയില്‍ പോലും ഇത് പ്രകടമായി കടന്നുവരാറുണ്ട്. കൂട്ടുകാര്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും അയാള്‍ ഒറ്റപ്പെടുന്നതിന് കാരണം അയാളുടെ ജാതി കൂടിയാണ്. പപ്പടം ബ്രാഹ്മിണ്‍സാണോ എന്ന് ചോദിക്കുമ്പോള്‍ അല്ലെടാ പുലയാനാണെന്ന് പറയുന്ന ‘തമാശ’യെ ‘തഗ്ഗ്‌ ലൈഫ്’ എന്നാണ് ഒരു കഥാപാത്രം വിശേഷിപ്പിക്കുന്നത്.

സിനമാക്കാരനാകാന്‍ ആഗ്രഹിക്കുന്ന ഹരിയെ ചുറ്റിപ്പറ്റി നടക്കുന്ന, ഒരു ദിവസത്തെ കഥയാണ് അറ്റെന്‍ഷന്‍ പ്ലീസ് പറയുന്നത്. ഒരു ഘട്ടത്തില്‍ താന്‍ ജാതിയുടെ പേരില്‍ ജീവിതത്തില്‍ അനുഭവിച്ച അവഗണനകളും ഒറ്റപ്പെടലുകളും ഹരി എണ്ണിപ്പറയുന്നുണ്ട്. തന്റെ കഴിവില്‍ പഠിപ്പിച്ച അധ്യാപകര്‍ അത്ഭുതം പ്രകടിപ്പിക്കുന്നതിനും കഥ പറയാന്‍ പോകുന്ന സംവിധായകന്‍ പിന്നീട് വിളിക്കാത്തതിനും കൂട്ടുകാരുടെ കളിയാക്കലിനും കുറ്റപ്പെടുത്തലിനുമെല്ലാം കാരണം ഹരിയുടെ ജാതിയാണ്.

രണ്ട് വര്‍ഷം എറണാകുളത്ത് വന്ന് അലഞ്ഞിട്ടും തന്റെ കഥയെന്താണ് ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത് എന്ന് ചോദിക്കുമ്പോള്‍ നീ പരിയേറും പെരുമാള്‍ കണ്ടിട്ടില്ലേ എന്ന് കൂട്ടുകാര്‍ ചോദിക്കുന്നതിന് പിന്നിലും ഇതേ ജാതി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യക്ഷത്തില്‍ ജാതിയെ പറ്റി ആരും സംസാരിക്കില്ല. എന്നാല്‍ വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം ഇത് കടന്നുവരുന്നുണ്ടെന്ന് തന്നെയാണ് അറ്റെന്‍ഷന്‍ പ്ലീസ് പറയുന്നത്.

മലയാള സിനിമയില്‍ സമീപകാലത്തായി ജാതിയെ പറ്റിയുള്ള ചര്‍ച്ചകള്‍ കടന്നുവരുന്നുണ്ട്. കള, പുഴു, മലയന്‍കുഞ്ഞ്, ജന ഗണ മന എന്നീ ചിത്രങ്ങളില്‍ സമൂഹത്തില്‍ ഇന്നും ജാതി എങ്ങനെയൊക്കെ വര്‍ക്കാവുന്നുണ്ടെന്നും അത് ഒരു മനുഷ്യനെ എത്രത്തോളം ദുഷിപ്പിക്കുന്നുണ്ടെന്നും വ്യക്തമായി പറയുന്നു.

ഭീഷ്മ പര്‍വ്വം, പട പോലെയുള്ള ചിത്രങ്ങളിലും ജാതിയോടുള്ള അധികാരവര്‍ഗത്തിന്റെയും മനുഷ്യരുടെയും മനോഭാവങ്ങളെ പറ്റി പറയുന്നുണ്ട്.

Content Highlight:Attention Please is strongly presenting the caste that exists in the society

We use cookies to give you the best possible experience. Learn more