| Wednesday, 26th July 2023, 8:22 am

ജ്വല്ലറിയിലെ മോഷണ ശ്രമം; ചാരിറ്റി പ്രവര്‍ത്തകനും കൂട്ടാളികളും പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നരിക്കുനി: കോഴിക്കോട് നരിക്കുനിയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ ചാരിറ്റി പ്രവര്‍ത്തകനും കൂട്ടാളികളും പിടിയിലായി. ചാരിറ്റി പ്രവര്‍ത്തകന്‍ നിതിന്‍ നിലമ്പൂരും മൂന്ന് കൂട്ടാളികളുമാണ് നരിക്കുനി എം.സി ജ്വല്ലറിയിലെ മോഷണ ശ്രമത്തിനിടെ കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.

നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടില്‍ നിതിന്‍ കൃഷ്ണന്‍ (26), പരപ്പന്‍ വീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34), വെളിമണ്ണ ഏലിയപാറമ്മല്‍ നൗഷാദ് (29), വേനപ്പാറ കായലും പാറ കോളനിയില്‍ ബിബിന്‍ (25) എന്നിവരാണ് പിടിയിലായത്.

സ്വര്‍ണക്കടയുടെ പിന്‍വശത്തെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു നാല്‍വര്‍ സംഘം. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. പുലര്‍ച്ച രണ്ട് മണിക്ക് ജ്വല്ലറിയുടെ പുറകുവശത്തെ ചുമര്‍ തുരക്കുന്ന ശബ്ദംകേട്ട് ടൗണില്‍ കാവലുണ്ടായിരുന്ന ഖൂര്‍ഗയും രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതികളിലൊരാളായ അമീറിനെ പിടികൂടുകയായിരുന്നു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നിന്നുമാണ് ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി ആര്‍.കറുപ്പസാമിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ മേല്‍നോട്ടത്തില്‍ കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

സംഭവസ്ഥലത്ത് നിന്ന് കാറില്‍ കടന്നുകളയുന്നതിനിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ മുടൂരില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിലൊരാളായ മുഖ്യ ആസൂത്രകനായ നിതിന്‍ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനും വ്‌ളോഗറുമാണെന്ന് പൊലീസ് പറഞ്ഞു.

ചാരിറ്റി ഗ്രൂപ്പുകളിലൂടെയായിരുന്നു നാല് പേരും പരസ്പരം പരിചയപ്പെട്ടത്. പിന്നീട് കൂടുതല്‍ അടുത്ത പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. കവര്‍ച്ചക്കായി നിതിന്‍ ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് പ്ലാസ്റ്റിക് പിസ്റ്റള്‍ വാങ്ങിയിരുന്നു. കവര്‍ച്ച നടത്താന്‍ കമ്പിപ്പാര, ഉളി, ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, കൈയുറകള്‍, തെളിവ് നശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും പ്രതികളുടെ കൈവശമുണ്ടായിരുന്നു.

പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര, എസ്.ഐമാരായ പ്രകാശന്‍, സാജു, ഷിബു, എ.എസ്.ഐ. ലിനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ് ബാബു, പ്രജീഷ്, ബിനേഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കല്‍, ശ്രീജേഷ്, ഡ്രൈവര്‍ ജിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

അതേസമയം പ്രതികളെ പിടിച്ച ഗൂര്‍ഖ രാജുവിനും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം വരുന്നുണ്ട്. മോഷണത്തിന്റെ വിവരം രാജു നരിക്കുനിയിലെ വ്യാപാര സംഘടന ഭാരവാഹികളായ അബ്ദുല്‍ സലാമിനെയും സത്യനെയും വിളിച്ച് അറിയിക്കുകയായിരുന്നു. അവര്‍ പൊലീസിനെയും കടയുടമയെയും അറിയിച്ചതോടെയാണ് നാട്ടുകാരും മോഷണ ശ്രമത്തെക്കുറിച്ച് അറിയുന്നത്. രാജുവിന്റെ അവസരോചിതമായ ഇടപെടലാണ് മോഷണശ്രമം പാളിപ്പോകാന്‍ കാരണം.

content highlights: Attempted robbery at jewelry store; Charity worker and accomplices arrested

We use cookies to give you the best possible experience. Learn more