തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ട്രംപ്; ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
World
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ട്രംപ്; ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th November 2020, 11:47 am

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പില്‍ ഏറെ മുന്നിലാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ചിലര്‍ നടത്തിയെന്നുമാണ് ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതിന് അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ ട്വീറ്റ്. വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നും ട്രംപ് ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

നാം വന്‍ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിംഗ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാന്‍ ആര്‍ക്കും ആവില്ല. ഇന്ന് രാത്രിയില്‍ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വന്‍ വിജയത്തിന്റെ പ്രഖ്യാപനം ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അല്‍പസമയം മുന്‍പ് കമല ഹാരിസിനൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ട ബൈഡന്‍ അമേരിക്ക പിടിച്ചെടുക്കാനുള്ള വഴിയിലാണ് തങ്ങളെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തു വരാന്‍ അല്‍പം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡന്‍ അണികളോട് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Attempt to steal election, tweets Donald Trump