ന്യൂദല്‍ഹി: മണിപ്പൂരില്‍ നിന്നുള്ള 19 കാരിയായ പെണ്‍കുട്ടി ക്യാബ് ഡ്രൈവര്‍ക്കെതിരായി നല്‍കിയ പീഡന പരാതിയില്‍ അനാസ്ഥ കാണിച്ച് പൊലീസ്. ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്യാബ് ഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്ക് അധികൃതര്‍ ജാമ്യമനുവദിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ക്യാബ് ഡ്രൈവര്‍ തന്നെ ബന്ദിയാക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും എങ്ങനെയോ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ ഉടന്‍ തന്നെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ ഏഴ് മണിക്കൂറോളം കാത്തുനില്‍പ്പിക്കുകയായിരുന്നു.
തനിക്കെതിരെ വ്യക്തവും ഗുരുതരവുമായ ആക്രമണം നടന്നത് വെളിപ്പെടുത്തിയിട്ടും പൊലീസ് എഫ്.ഐ.ആറില്‍ പ്രതിക്കെതിരെ ചെറിയ കുറ്റങ്ങള്‍ മാത്രമേ ചുമത്തിയിട്ടുള്ളൂവെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതിയെ ജാമ്യത്തില്‍ വിടാന്‍ പൊലീസ് എളുപ്പവഴികള്‍ നിര്‍ദേശിച്ചതായും കേസിന് പ്രാധാന്യം നല്‍കാത്തതും കേസിനോടുള്ള പൊലീസിന്റെ സമീപനവും ആശങ്കാജനകമാണെന്ന് പെണ്‍കുട്ടി ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ ക്യാബ് ബുക്കിങ് പോര്‍ട്ടലില്‍ കാണിച്ച ആള്‍ വേറെ ആളായിരുന്നുവെന്നും തന്നെ കൂട്ടിക്കൊണ്ടുപോവാന്‍ വന്ന ഡ്രൈവര്‍ ഇയാളായിരുന്നില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തി വരികയാണെന്നും വിഷയം പരിശോധിക്കുന്നുണ്ടെന്നുമാണ് കമ്മീഷണര്‍ പ്രതികരിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ക്യാബ് ഡ്രൈവറായ വിനോദ് എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്നേ ദിവസം തന്നെ ഇയാള്‍ ജാമ്യത്തില്‍ പോയെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.
ഒക്ടോബര്‍ അഞ്ചിന് രാത്രിയാണ് പെണ്‍കുട്ടി ക്യാബ് ബുക്ക് ചെയ്തത്. ദല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിന് അടുത്തുള്ള തന്റെ താമസസ്ഥലത്ത് നിന്നും ഐ.എസ്.ബി.ടിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്.
തന്നെ ബലാത്സംഗം ചെയ്യാന്‍ ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം ദുരനുഭവം നേരിട്ട തന്നോട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും അലംഭാവവും ബുദ്ധിമുട്ടുണ്ടാക്കിയതായും തന്റെ സുരക്ഷയ്ക്ക് ഭീഷണിയായതായും പെണ്‍കുട്ടി പറഞ്ഞു.
ക്യാബ് ഡ്രൈവര്‍ക്ക് തന്റെ താമസസ്ഥലം അറിയാമെന്നും പ്രതിയുടെ ഭാഗത്ത് നിന്നുമുള്ള ആക്രമണങ്ങളില്‍ പൊലീസ് തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയത് വ്യാജ രേഖയായതിനാല്‍ അതിനെതിരെ നടപടി എടുക്കണമെന്നും ശരിയായ നടപടി ക്രമങ്ങളിലൂടെ തനിക്ക് നീതി ഉറപ്പാക്കണമെന്നും പെണ്‍കുട്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
Content Highlight: Attempt to rape Manipuri woman; The police helped the accused