യൂട്യൂബ് വഴി അപമാനിക്കാന്‍ ശ്രമം; ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Cyber Crime
യൂട്യൂബ് വഴി അപമാനിക്കാന്‍ ശ്രമം; ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th October 2020, 11:25 am

തൃശ്ശൂര്‍: യുട്യൂബ് വഴി അപവാദ പ്രചരണം നടത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യുട്യൂബര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗര്‍ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് എം.ജിക്കെതിരെ ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഷോയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട കുട്ടിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് നാലാം സ്ഥാനം നല്‍കിയെന്നും ഇതിന് കാരണം എം.ജി ശ്രീകുമാര്‍ ആണെന്നുമായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന യുട്യൂബ് ചാനലില്‍ ആരോപിച്ചത്.

അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ കുട്ടിയുടെ വീട്ടില്‍ ഇവരെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതി തങ്ങള്‍ക്കില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുകയും ആദ്യ വീഡിയോ ഇവര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് മാപ്പു പറഞ്ഞുകൊണ്ട് പുതിയ വീഡിയോ ചാനലില്‍ ഇടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വീഡിയോയിലൂടെ ഇവര്‍ ചെയ്തതെന്ന് കാണിച്ച് എം.ജി ശ്രീകുമാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. ചേര്‍പ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി ഷിബു ആണ് കേസന്വേഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Attempt to insult via YouTube; Singer MG Sreekumar files complaint against three YouTubers