| Saturday, 23rd November 2024, 9:39 am

റഷ്യയിലേക്ക് യു.എസില്‍ നിന്നും അനധികൃതമായി വ്യോമയാന വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമം; ഇന്ത്യന്‍ പൗരനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യയിലേക്ക് അനധികൃതമായി വ്യോമയാന വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരനെതിരെ കേസെടുത്ത് അമേരിക്ക. ഒറിഗോണില്‍ നിന്ന് ഇന്ത്യ വഴി റഷ്യയിലേക്ക് നാവിഗേഷന്‍ ആന്‍ഡ് ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചതിനും ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനുമാണ് ഇന്ത്യക്കാരനായ കൗശിക്കിനെതിരെ കേസെടുത്തത്.

നിയന്ത്രിതമായ വ്യോമയാന ഘടകങ്ങള്‍ കയറ്റുമതി ചെയ്തതിന് 57 കാരനായ കൗശിക്കിനെതിരെ കേസെടുത്തതായി യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഒക്ടോബര്‍ 17ന് മയാമിയില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതായും വ്യാഴാഴ്ചയോടെ ഇയാള്‍ക്കെതിരെ കേസെടുത്തതായുമാണ് യു.എസ് നീതി ന്യായ വകുപ്പ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

കയറ്റുമതി നിയന്ത്രണ പരിഷ്‌ക്കരണ നിയമം ലംഘിച്ച് ഉപയോക്താക്കള്‍ക്ക് ഇരട്ട സിവിലിയന്‍, സൈനിക ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി വ്യോമയാന വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റപത്രമനുസരിച്ച് പരമാവധി 20 വര്‍ഷം തടവും ഒരു മില്യണ്‍ യു.എസ് ഡോളര്‍ വരെ ശിക്ഷ ലഭിക്കുമെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

റഷ്യയിലെ സ്ഥാപനങ്ങള്‍ക്കുവേണ്ടി യു.എസില്‍ നിന്ന് നിയമവിരുദ്ധമായി വ്യോമയാന വസ്തുക്കളും സാങ്കേതിക വിദ്യയും കൈക്കലാക്കാന്‍ കൗശിക് മറ്റാളുകളുമായി ഗൂഢാലോചന നടത്തി. റഷ്യയിലുള്ള ഉപഭോക്താക്കള്‍ വസ്തുക്കള്‍ തങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന വ്യാജേനയാണ് സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കൗശികും കൂട്ടാളികളും ഒറിഗോണ്‍ ആസ്ഥാനമായുള്ള വിതരണക്കാരനില്‍ നിന്നും വിമാനത്തിന്റെ നാവിഗേഷനും കണ്‍ട്രോളിങ് ഡാറ്റയും നല്‍കുന്ന ആറ്റിറ്റിയൂഡ് ഹെഡിങ് റഫറന്‍സ് സിസ്റ്റം (എച്ച്.ആര്‍.എസ്.എസ്) വാങ്ങിയതായുമാണ് യു.എസിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയും കൂട്ടാളികളും ചേര്‍ന്ന അനധികൃതമായി എ.എച്ച്.ആര്‍.എസ്.എസ് വാങ്ങുകയും അത് യു.എസില്‍ നിന്നും കയറ്റുമതി ചെയ്യുന്നതിന് മുമ്പ് അറസ്റ്റിലാക്കപ്പെട്ടതായും ഇന്ത്യ വഴി റഷ്യയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നെന്നും ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

Content Highlight: attempt to illegally export aviation equipment from the US to Russia; Case against Indian citizen

We use cookies to give you the best possible experience. Learn more