ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് കമ്പനി. നിയമസംവിധാനങ്ങള്‍ തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിച്ച് ആള്‍ട്ട് ന്യൂസിനെ വേട്ടയാടാനുള്ള ശ്രമമാണെന്നും വെബ്‌സൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ദല്‍ഹിയിലും റായ്പൂരിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജഗദീഷ് സിംഗ് എന്ന ട്വിറ്റര്‍ യൂസറുടെ അധിക്ഷേപകരമായ കമന്റിന് മറുപടി പറഞ്ഞ സുബൈറിന്റേത് പിഞ്ചുകുഞ്ഞുങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജഗദീഷിന് മറുപടിയായി താങ്കളുടെ സുന്ദരിയായ പേരക്കുട്ടിയ്ക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ അപമാനിക്കുന്ന പാര്‍ട്ട് ടൈം ജോലി ചെയ്യുന്നയാളാണെന്ന കാര്യം അറിയുമോ എന്നായിരുന്നു സുബൈറിന്റെ ചോദ്യം. ഇതിനൊപ്പം ജഗദീഷിന്റെ പ്രൊഫൈലില്‍ നിന്ന് പേരക്കുട്ടിയുടെ ചിത്രവും പങ്കുവെച്ചിരുന്നു.
വ്യാജവാര്‍ത്തകളുടെ സത്യങ്ങള്‍ ആള്‍ട്ട്ന്യൂസിലൂടെ പുറത്തുവന്നപ്പോള്‍ പരിഭ്രാന്തരായവരാണ് സുബൈറിനെ വേട്ടയാടുന്നതെന്ന് ആള്‍ട്ട് ന്യൂസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക