വര്‍ക്കല: സനാതന ധര്‍മത്തിന്റെ പേരില്‍ ശ്രീനാരായണ ഗുരുവിനെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകാന്‍ നോക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ശ്രീനാരായണ ഗുരുവിനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു.
ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ മാത്രമല്ല, ശ്രീനാരായണ ഗുരുവിനെ തന്നെ തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ചുറ്റും നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.
92ാം മത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ വിദ്യാര്‍ത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിനെ ആര്‍ക്കും അങ്ങനെയൊന്നും വിട്ടുകൊടുക്കാനാകില്ലെന്ന് നാം ഉറപ്പിച്ചുപറയണമെന്നും കെ. സുധാകരന്‍ പറഞ്ഞു. സവര്‍ണ മേധാവിത്തത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരവിപ്പുറത്തെ ശിവപ്രതിഷ്ഠയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് ഊര്‍ജം നല്‍കിയ ഒരു വിപ്ലവമായിരുന്നു ഈ നീക്കമെന്നും കെ. സുധാകരന്‍ പറഞ്ഞു.
ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പുതിയ തലമുറ നാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്നവരാകണമെന്നും സ്വപ്നങ്ങള്‍ നിറവേറ്റണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ ഒരു പ്രവാചകനെന്നും കെ. സുധാകരന്‍ വിശേഷിപ്പിച്ചു. ഒരു മലയാളിയുടെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേതെന്നതില്‍ അഭിമാനമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. എല്ലാ മതങ്ങളുടെയും സാരം ഒന്നാണ്, അതുകൊണ്ട് തന്നെ എല്ലാ മതങ്ങളും ഒന്നാണെന്നാണ് ഗുരു പറഞ്ഞതെന്നും അദ്ദേഹം സംസാരിച്ചു. ഇതുപോലെ ആരും തന്നെ പറഞ്ഞിട്ടില്ല, പഠിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പി എ.എ. റഹീം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, തുടങ്ങിയവര്‍ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം സനാതന ധര്‍മം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അതിനാല്‍തന്നെ അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കേണ്ട ആവശ്യമില്ലെന്നുംവി.ഡി. സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
ശ്രീനാരായണ ഗുരു സനാതന ധര്‍മത്തെക്കുറിച്ചും അതിന്റ സാംഗത്യത്തെക്കുറിച്ചും എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന ആളാണെന്നും അതിനാല്‍ തന്നെ സനാതനത്തില്‍ യാതൊരു വിധത്തിലുള്ള വര്‍ഗീയതയില്ലെന്നുമാണ് വി.ഡി സതീശന്‍ പറഞ്ഞത്.
Content Highlight: Attempt to frame Sree Narayana Guru in Chaturvarnyam: K. Sudhakaran