ആലപ്പുഴയിലെ കൊലപാതകത്തിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണറെ കണ്ട് പരിഭവം പറഞ്ഞ് കുമ്മനം
Kerala News
ആലപ്പുഴയിലെ കൊലപാതകത്തിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണറെ കണ്ട് പരിഭവം പറഞ്ഞ് കുമ്മനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th December 2021, 11:48 pm

തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ബി.ജെ.പിയെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

കേസില്‍ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും വിവേചനം കാണിക്കുകയാണ്. പ്രതിരോധ കസ്റ്റഡിയുടെ പേരില്‍ സംഘപരിവാര്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മറ്റു ജില്ലകളില്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തടങ്കലില്‍ വെക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്.ഡി.പിഐക്കും പി.എഫ്.ഐയ്ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൂന്തുറ, മാറാട്, പാലക്കാട് സംഭവങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നില്ല. ഭീകരശക്തികളോട് സന്ധി ചെയ്യുന്ന സി.പി.ഐ.എം നാട്ടില്‍ സല്‍ഭരണത്തിനല്ല,

ഭീകര ശക്തികളുടെ പിന്തുണയോടെ പ്രതിയോഗികളെ വകവരുത്തുന്നതിനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു,’ കുമ്മനം പറഞ്ഞു.

ഇരട്ട കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചിരുന്നു.
സംഭവ ദിവസം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Attempt to destroy BJP with police in Alappuzha murder case; Kummanam Rajasekharan complained to the governor