മലപ്പുറം: അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പെയിന്റടിക്കല്‍ വിവാദത്തില്‍ വ്യാജ പ്രചരണവുമായി ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍. ‘മലപ്പുറത്ത് ഭദ്രകാളി ക്ഷേത്രം മസ്ജിദാക്കി മാറ്റാനുള്ള നീക്കം വിഫലമാക്കി’ എന്ന തലക്കെട്ടോടെയാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലപ്പുറം അങ്ങാടിപ്പുറത്ത് ഭദ്രകാളി ക്ഷേത്രം മസ്ജിദാക്കി മാറ്റാനുള്ള നീക്കം ഹിന്ദു ഐക്യവേദിയുടെയും മറ്റ് ക്ഷേത്രസംരക്ഷണ സംഘടനകളുടെയും ശ്രമഫലമായി പരാജയപ്പെട്ടുവെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.
‘മുസ്‌ലിം മത ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള അമ്പലക്കമ്മിറ്റിയാണ് ക്ഷേത്രത്തിന് പച്ച പെയിന്റടിക്കാന്‍ നിര്‍ദേശം നല്‍കിയത്.’ ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ക്ഷേത്രത്തോട് ചേര്‍ന്ന ഓഫീസുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് പെയിന്റടിച്ചത്. ഈ സംഭവത്തെയാണ് അമ്പലം പള്ളിയാക്കാനുള്ള ശ്രമം നടത്തിയെന്ന പേരില്‍ ഓര്‍ഗനൈസര്‍ പ്രചരിപ്പിച്ചത്.
പച്ച പെയിന്റടിച്ചതോടെ അമ്പലം മസ്ജിദിന്റെ രൂപത്തിലായെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്. ഇതോടെ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തില്‍ പച്ച പെയിന്റടിച്ചത് മാറ്റണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ കത്ത് കൊടുത്തതായും ആവശ്യം അമ്പല കമ്മിറ്റിക്കാര്‍ അംഗീകരിച്ചെന്നും നിറം മാറ്റാനുള്ള നടപടികള്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
മുസ്‌ലിം ലീഗ് നേതാക്കളായ എം.പി. അബ്ദുസമദ് സമദാനി എം.പി രക്ഷാധികാരിയായും മഞ്ഞളാംകുഴി അലി എം.എല്‍എ ചെയര്‍മാനുമായുള്ള കമ്മിറ്റി തന്നെ പ്രകോപനമുളവാക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പറായ ഷഹര്‍ബാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയീദ എന്നിവരും കമ്മിറ്റിയിലുണ്ട്. ഇത് സി.പി.ഐ.എം-മുസ്‌ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.
Content Hihlights: ‘Attempt to convert Temple into Mosque in Kerala”;Fake propaganda of RSS Mouhpiece