തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐ.പി.എസ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം തട്ടാനാണ് ശ്രമിച്ചത്. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ. ജയനാഥന്‍ ഐ.പി.എസിനെയാണ് ഒരാള്‍ ഇത്തരത്തില്‍ സമീപിച്ചത്.
ഉദ്യോഗസ്ഥന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് മൂന്നിനാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് ജയനാഥിന് സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയാണെന്നും പണം വേണമെന്നും ഗിഫ്റ്റ് കാര്‍ഡ് വഴി 50,000 രൂപ നല്‍കാനുമായിരുന്നു സന്ദേശം.
തട്ടിപ്പാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥന്‍ കൂടുതല്‍ സമയം ചാറ്റ് ചെയ്യുകയായിരുന്നു. പണം കിട്ടില്ലെന്ന് മനസിലായതോടെയാവണം പിന്നീട് സന്ദേശങ്ങള്‍ ഉണ്ടായില്ല. കഴിഞ്ഞ മാസവും ജയനാഥില്‍ നിന്ന് പണം തട്ടാന്‍ സമാനമായ രീതിയില്‍ ശ്രമം നടന്നിരുന്നു. അന്ന് ഡി.ജി.പി അനില്‍കാന്തിന്റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് ജയനാഥ് പറഞ്ഞു.
അടുത്തിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പേരിലും തട്ടിപ്പ് ശ്രമം നടന്നിരുന്നു. മന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള വാട്‌സ്ആപ്പ് നമ്പരില്‍ നിന്ന് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.
CONETNTE HIGHLIGHTS: Attempt to commit online fraud in the name of Chief Minister Pinarayi Vijayan