ടൊറന്റോ: പ്രാര്‍ഥനക്കായി എത്തിയവര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ഇസ്‌ലാം വിരുദ്ധ വംശീയ പരാമര്‍ശം നടത്തുകയും ചെയ്ത കേസില്‍ ഒരാളെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാനഡയിലെ ടൊറന്റോയിലുള്ള മര്‍ഖം മേഖലയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കാനെത്തിയവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ച 28 കാരനായ ശരണ്‍ കരുണാകരന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് യോര്‍ക്ക് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ മതനിന്ദാപരമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
കനേഡിയന്‍ വാണിജ്യവകുപ്പ് മന്ത്രി മേരി നഗ് സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. ഇത്തരത്തിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കനേഡിയന്‍ സമൂഹത്തില്‍ ഇടമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
‘മര്‍ഖമിലെ ഇസ്‌ലാമിക് സമൂഹത്തിന് നേരെ നടന്ന ആക്രമണാത്മകവും വംശീയ സ്വഭാവവുമുള്ള കുറ്റകൃത്യം എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. കാനഡയിലെ മുസ്‌ലിം ജനങ്ങളോട് പറയുന്നു, ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്,’ മേരി ട്വീറ്റ് ചെയ്തു.
വിശുദ്ധ റമളാന്‍ മാസത്തില്‍ മര്‍ഖമിലെ ഇസ്‌ലാമിക് സമൂഹത്തിനെതിരെയുണ്ടായ ആക്രമണം തന്നെ വല്ലാതെ വിഷമിപ്പിക്കുന്നെന്നും, ഇസ്‌ലാമോഫോബിയയെ മുന്‍ നിര്‍ത്തിയുള്ള ഇത്തരം ആക്രമണങ്ങളെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും, പ്രതിരോധിക്കണമെന്നും കനേഡിയന്‍ മന്ത്രി അഹമ്മദ് ഹുസൈന്‍ പറഞ്ഞു. വിദ്വേഷചിന്തകള്‍ക്ക് വിജയമുണ്ടാകാന്‍ നമ്മള്‍ അനുവദിക്കരുതെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.