ന്യൂദല്‍ഹി: ഒരു കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി. ഹോട്ടല്‍ റോയല്‍ പ്ലാസയുമായി ബന്ധപ്പെട്ട കേസിലാണ് തന്നെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചതെന്ന് ഓപ്പണ്‍ കോടതിയില്‍ ജസ്റ്റിസ് വ്യക്തമാക്കി.
ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും അരുണ്‍ മിശ്രയും ചേര്‍ന്ന ബെഞ്ച് ആഗസ്റ്റ് 30ന് കോടതി നമ്പര്‍ എട്ടില്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍.
ഈ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് സ്വയം പിന്‍വാങ്ങരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചു. ജഡ്ജിമാരെ സ്വാധീനിക്കാനുള്ള ഏത് ശ്രമവും ഗൗരവകരമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി വ്യക്തമാക്കി.
ALSO READ: മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു
ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടിയില്ല. ഫോണ്‍കോള്‍ വഴിയാണ് സ്വാധീനിക്കാനുള്ള ശ്രമം നടന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
എന്നാല്‍ ആരാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് കേസിലെ വിധി പ്രസ്താവം മാറ്റിവെച്ചു.
അതേസമയം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനര്‍ജി ഈയടുത്തിടെയാണ് സുപ്രീം കോടതി ജഡ്ജിയായത്.