സില്‍ച്ചാര്‍ (അസം): ഭരണഘടന ഇല്ലാതാക്കാന്‍ രാജ്യത്തു ശ്രമം നടക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക വിവിധ സംസ്‌കാരങ്ങളെയും മതവിശ്വാസങ്ങളെയും മാനിക്കുന്നില്ലെന്നും അതുപോലെ തന്നെയാണു ഭരണഘടനയെയും മാനിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കവെയാണു പ്രിയങ്ക ഈ ആരോപണം ഉന്നയിച്ചത്.
അംബേദ്കറുടെ ജന്മദിനമാണിന്ന്. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്. ഭരണഘടനയെ മാനിക്കുകയെന്നത് എല്ലാ രാഷ്ട്രീയനേതാക്കളുടെയും കടമയാണ്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കുന്നതിനുമുള്ള ശ്രമങ്ങളാണു രാജ്യത്തു നടക്കുന്നത്.
മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലെ ഏതെങ്കിലും കുടുംബത്തോടൊപ്പം അഞ്ച് മിനിറ്റെങ്കിലും ചെലവഴിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തയ്യാറായിട്ടുണ്ടോയെന്ന് അവര്‍ ചോദിച്ചു. അദ്ദേഹം യു.എസിലും റഷ്യയിലും ചൈനയിലും പോയി നേതാക്കളെ ആലിംഗനം ചെയ്യുന്നു. ജപ്പാനില്‍ പോയി പെരുമ്പറ മുഴക്കുന്നു. പാകിസ്താനില്‍ പോയി ബിരിയാണി കഴിക്കുന്നു. എന്നാല്‍ സ്വന്തം മണ്ഡലത്തിലെ ഒരു കുടുംബത്തിന്റെ പോലും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്നും ഓര്‍മിക്കപ്പെടുന്നത് അവര്‍ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തുള്ള നേതാവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഷ്മിത ദേവെന്ന് പ്രിയങ്ക അവകാശപ്പെട്ടു. സത്യസന്ധമായും ആത്മാര്‍ഥമായും അവര്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.