അട്ടപ്പാടിയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഏറ്റവും അറ്റത്ത് കിടക്കുന്ന ആദിവാസി ഊരുകളിലൊന്നാണ് മൂലഗംഗല്‍. ഷോളയൂരില്‍നിന്നും പതിമൂന്ന് കിലോമീറ്റര്‍ ദൂരം. വരഗമ്പാടി, വെച്ചുപ്പതി, വെല്ലകുളം എന്നീ ഊരുകള്‍ പിന്നിട്ട് റോഡ് അവസാനിക്കുന്നത് മൂലഗംഗല്‍ ആദിവാസി ഊരിനു മുന്നിലാണ്. കാലി വളര്‍ത്തലും കൃഷിപ്പണികളും വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റും കാട്ടു പുല്ല് ഉണക്കി ചൂലുണ്ടാക്കിയുമൊക്കെ ജീവിച്ചുപോരുന്ന നിരവധി ആദിവാസി കുടുംബങ്ങള്‍. വനാതിര്‍ത്തിയിലുള്ള ഊരായതുകൊണ്ടുതന്നെ എല്ലാത്തിനും ഒത്തിരി ദൂരം താണ്ടേണ്ടതുണ്ട്. ഭൂമി, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമികമായ ആവശ്യങ്ങളില്‍ പലതും തീര്‍ത്തും നിഷേധിക്കപ്പെടുന്ന മൂലഗംഗലിലെ ആദിവാസി ജീവിതങ്ങള്‍.
“ഏറ്റവും മൂലയിലുള്ള ഗ്രാമമായതിനാലാണോ ഞങ്ങള്‍ക്ക് ഇത്രത്തോളം ദുരിതം അനുഭവിക്കേണ്ടിവരുന്നത്?” എന്ന ദയനീയമായ ചോദ്യത്തോടെയായിരുന്നു ഊരു നിവാസികള്‍ തങ്ങളുടെ ദുരിതങ്ങളുടെ കെട്ടഴിച്ചുതുടങ്ങിയത്. പ്രധാന തൊഴില്‍ കാലികളെ വളര്‍ത്തലാണ്. ഓരോ വീടുകളിലും കുറച്ച് ആടുകളും കോഴികളും ഉണ്ടാകും. കൃഷിപ്പണിക്കും പോകും. അത് സ്ഥിരമായി ഉണ്ടാകില്ല. ആനയുടെയും പന്നിയുടെയും ശല്യം രൂക്ഷമാണ്. അതുകൊണ്ടുതന്നെ കൃഷിയിറക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. കുറേപ്പേര്‍ കാട്ടില്‍നിന്നും പുല്ല് കൊണ്ടുവന്ന് ഉണക്കി ചൂലുണ്ടാക്കി വിറ്റ് ജീവിക്കുന്നു. പണിയില്ല. ഞങ്ങള്‍ക്കിവിടെ എന്ത് പണികിട്ടാനാണ് വേറെ ? ഇവിടെ ഫാക്ടറികളില്ല, ഗൌണ്ടന്മാരില്ല , തോട്ടങ്ങളില്ല ..ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.” പ്രദേശവാസിയായ ആദിവാസി പറയുന്നു.
മൂലഗംഗല്‍ ആദിവാസികള്‍ അനുഭവിച്ചു തീര്‍ക്കുന്ന വര്‍ഷങ്ങളായുള്ള വലിയ പ്രശ്‌നമാണ് തങ്ങള്‍ തലമുറകളായി ജീവിച്ചുപോന്നിരുന്ന ഭൂമിയില്‍ കാലിമേയ്ക്കാന്‍ ആയിരങ്ങള്‍ തമിഴ്‌നാടിന് പിഴയായി നല്‍കേണ്ടിവരുന്നത്. അഗളി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മൂലഗംഗല്‍ താഴ്വരകളിലെ എണ്ണായിരം ഹെക്ടറോളം ഭൂമിയാണ് തമിഴ്‌നാട് കയ്യേറിയിരിക്കുന്നത്.
കേരളത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍ പൊളിച്ചുമാറ്റിയായിരുന്നു തമിഴ്‌നാട് വ്യാപകമായി ഭൂമി കയ്യേറിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഊരിന് സമീപത്തുള്ള ഈ കയ്യേറ്റ പ്രദേശങ്ങളിലേക്ക് ആദിവാസികള്‍ കാലികളെ മേയ്ക്കാന്‍ പ്രവേശിക്കുമ്പോള്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത തുകയാണ് പിഴയായും നികുതിയായും തമിഴ്‌നാട് അനധികൃതമായി ഊറ്റിയെടുക്കുന്നത്. അന്നന്നുള്ള അന്നത്തിനായുള്ള ഏക ആശ്രയവും അങ്ങനെ വഴിമുട്ടി. രണ്ടായിരത്തി മൂന്നിലായിരുന്നു വനംവകുപ്പ് വിജിലന്‍സ് വിഭാഗം വരടിമല മേല്‍ത്തോട്ടം, പെരുമാള്‍മുടി, അണക്കാട് എന്നീ പ്രദേശങ്ങളില്‍ തമിഴ്‌നാട് നടത്തിയ കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്.
അയ്യായിരം ഹെക്ടറായിരുന്നു അന്ന് കയ്യേറിയതായി കണ്ടെത്തിയത്. അന്നത്തെ വനം മന്ത്രി ഇവിടം സന്ദര്‍ശിച്ചെങ്കിലും മാവോയിസ്റ്റ് സാന്നിദ്ധ്യം കാരണം വനം വകുപ്പിന് ഇവിടെ ആവശ്യത്തിന് ജീവനക്കാരെ നല്‍കാന്‍ കഴിഞ്ഞില്ല. ഈയൊരു സാഹചര്യം മുതലെടുത്താണ് തമിഴ്‌നാട് വലിയ അളവില്‍ കേരളത്തിന്റെ ഭൂമി കയ്യേറുകയും ആദിവാസികളെ ഊറ്റിപ്പിഴിയുകയും ചെയ്യുന്നത്.
ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ പ്രശ്‌നം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഊരു നിവാസികള്‍ പറയുന്നു. ഓരോ ആടിന് എന്ന കണക്കില്‍ മാസത്തില്‍ വലിയൊരു തുകയാണ് സമീപ പ്രദേശത്തെ ആദിവാസികള്‍ക്ക് നല്‍കേണ്ടിവരുന്നത്. മാസം തോറും നല്‍കേണ്ടിവരുന്ന സംഖ്യ തെറ്റിക്കഴിഞ്ഞാല്‍ അവയ്ക്കുമേല്‍ പിഴയും ചുമത്തുന്നതായി ഇവര്‍ പറയുന്നു. ” തമിഴ്‌നാട്ടില്‍ കയറാന്‍ പറ്റില്ലാന്ന് അവര് പറയുന്നത്. അവര് ഫൈനടിക്കും. കേരളത്തിലും വളര്‍ത്തരുതെന്ന് പറയുന്നു, ഞങ്ങള്‍ എങ്ങനെ ജീവിക്കും. ഞങ്ങള്‍ പരമ്പരാഗതമായി ജീവിച്ചുപോരുന്ന മണ്ണാണ് ” -ഏറെ വിഷമത്തോടെയായിരുന്നു ഊരുനിവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികാരികള്‍ നല്‍കിയ ഒരു കീറിയടര്‍ന്ന രേഖ കാണിച്ച് വിതുമ്പിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ മൂലഗംഗലിലെ ഭൂമികയ്യേറ്റത്തിന് കാലമിത്രയായിട്ടും ഒരു നടപടിയും പരിഹാരവും അധികാരികള്‍ക്ക് കണ്ടെത്താനായിട്ടില്ല. ദശാബ്ദങ്ങളായി ഇതിന്റെ പേരില്‍ ഒരു ജനത ദുരിതം പേറിക്കൊണ്ടിരിക്കുന്നു.