| Monday, 18th March 2019, 4:30 pm

കാട്ടുതീയില്‍ കത്തിയമര്‍ന്ന് അട്ടപ്പാടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടിയിലെ കാട്ടുതീയില്‍ കത്തിയമര്‍ന്നത് 1500 ഓളം ഏക്കര്‍ വനസമ്പത്തെന്ന് പ്രാഥമിക നിഗമനം. ജില്ലയില്‍ ചൂട് 41 ഡിഗ്രിയെത്തിയതും, പുല്ലുണങ്ങിയതും ശക്തമായ കാറ്റുമാണ് തീ പടരുന്നതിന് കാരണം. കൃഷിയിടങ്ങളും, പറമ്പുകളും കത്തിയമര്‍ന്നിട്ടുണ്ട്.

ബൊമ്മിയാംപടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ വളര്‍ത്തിയ കൃഷ്ണ വനവും കത്തി നശിച്ചു. അതീവപരിസ്ഥിതി ലോല പ്രദേശമാണിത്.

അഞ്ച് ദിവസമായി തുടരുന്ന കാട്ടുതീ ഇപ്പോഴും പൂര്‍ണ്ണമായി അണയ്ക്കാനായിട്ടില്ലെന്ന് അട്ടപ്പാടി ഫോറസ്റ്റ് ഓഫീസര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അട്ടപ്പാടി റേഞ്ചിന് കീഴിലുള്ള മല്ലീശ്വരന്‍മുടിയിലെ വനത്തിലുണ്ടായ തീ അണയ്ക്കാന്‍ വനപാലകര്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഹെലികോപ്റ്ററില്‍ നിന്നു വെള്ളം പമ്പ് ചെയ്‌തെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. നേരം വൈകിയതും ആകാശത്തേക്ക് ഉയരുന്ന പുകയുമെല്ലാം ഹെലികോപ്റ്റര്‍ വഴിയുള്ള തീയണക്കലിന് തടസമായി.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഹെലികോപ്റ്റര്‍ അട്ടപ്പാടിയിലെത്തിയത്. കോയമ്പത്തൂരില്‍നിന്നെത്തിയ സംഘം കാഞ്ഞിരപ്പുഴ ഡാമില്‍നിന്ന് വെള്ളം ശേഖരിച്ച് മല്ലീശ്വരന്‍മുടിയില്‍ തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും തീ ശമിച്ചില്ല. നേരം വൈകിയതോടെ ശനിയാഴ്ചത്തെ പ്രവര്‍ത്തനം ഒരു തവണ മാത്രം നടത്തി സംഘം മടങ്ങി. ആവശ്യമെങ്കില്‍ അടുത്തദിവസം ഹെലികോപ്റ്ററിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ദുരന്തനിവാരണസേന പറഞ്ഞതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ALSO READ: ഈ കാശ് ജീവിക്കാന്‍ തികയുന്നില്ല; കൊച്ചിമെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാരുടെ ദുരിതങ്ങള്‍ തുടരുന്നു

അതേസമയം ഇരുനൂറോളം വരുന്ന സംഘത്തിന്റെ നിരന്തര ശ്രമങ്ങളിലൂടെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. മണ്ണാര്‍ക്കാട് ഡിവിഷനു കീഴിലെ ഭവാനി, സൈലന്റ് വാലി, അഗളി തുടങ്ങി അട്ടപ്പാടി റേഞ്ചിലെ മിക്ക സ്ഥലങ്ങളിലും കാട്ടുതീ പടര്‍ന്നിട്ടുണ്ട്. കൂടാതെ ഷോളയൂര്‍, വരടിമല, ചിറ്റൂര്‍, പുതൂര്‍ മേഖലകളിലും കാട്ടുതീ പടരുന്നുണ്ട്.

അതിശക്തമായ ചൂടും കാറ്റിന്റെ അനുകൂലമായ ഗതിയുമെല്ലാം വളരെ വേഗത്തില്‍ തീ പടരുന്നതിന് കാരണമായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ വനംവകുപ്പുമായി സഹകരിച്ച് അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2018 ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിച്ചതാണ് തീ പടരാന്‍ കാരണമെന്നും ഈ വര്‍ഷം 800 ഹെക്ടര്‍ വനഭൂമി ഇതുവരെ കത്തിനശിച്ചതായും ആരോപണമുണ്ട്.

ALSO READ: ഗോവയിലേക്ക് യാത്ര പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് എതിരെ “അച്ചടക്ക നടപടി”ക്കൊരുങ്ങി പുക്കോട് വെറ്റിനറി കോളെജ് അധികൃതര്‍

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും തീ പൂര്‍ണ്ണമായി അണയ്ക്കാനായിട്ടില്ലെങ്കിലും നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അട്ടപ്പാടി ഫോറസ്റ്റ് ഓഫീസര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരിടത്ത് തീ നിയന്ത്രണവിധേയമാക്കുമ്പോഴേക്കും മറ്റൊരിടത്ത് തീ പടരുകയാണ്. ചില ഭാഗങ്ങളില്‍ തീയണച്ചിട്ടുണ്ട്. അപ്പര്‍ഭവാനിയോട് ചേര്‍ന്നുള്ള അതിര്‍ത്തിപ്രദേശത്ത് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തീയണച്ചത്.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് അട്ടപ്പാടി, അഗളി റെയ്ഞ്ചുകളിലെ പതിനെട്ടോളം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. മണ്ണാര്‍ക്കാട്, സൈലന്റ് വാലി ഡിവിഷനുകളിലെ 200ഓളം ജീവനക്കാരും മുപ്പതോളം ദിവസവേതന വാച്ചര്‍മാരും നാലുദിവസമായി കാട്ടുതീ അണയ്ക്കുന്നതില്‍ വ്യാപൃതരായിരുന്നു.

ഇതിന്റെ ഫലമായി മല്ലീശ്വരന്‍മുടിയിലെ രണ്ട് മേഖലകളിലേതൊഴികെയുള്ള മറ്റെല്ലാ പ്രദേശങ്ങളിലേയും കാട്ടുതീ അണയ്ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നും കാട്ടുതീ പ്രതീക്ഷിക്കുന്നതിനാല്‍ പുതൂര്‍, മുക്കാലി, ഷോളയാര്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വന്‍ വനപാലകസംഘം നിലയുറപ്പിച്ചിട്ടുണ്ട്.

ALSO READ: കേരളത്തിന് മുഴുവന്‍ മാതൃകയായി പ്രിസം: സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം

അട്ടപ്പാടി റെയ്ഞ്ചിലെ മഞ്ചിക്കണ്ടി, ഗൊട്ടിയാര്‍കണ്ടി, ചെന്താമല, പാടവയല്‍, കുറുക്കത്തിക്കല്ല്, അപ്പര്‍ ഭവാനി, ചൂട്ടറ, വെന്തവെട്ടി, ഊരടം, ചെന്തുമ്പി, അഗളി റെയ്ഞ്ചിനു കീഴില്‍ കടമ്പാറ, വരടിമല, ഷോളയൂര്‍, തൂവ, സാമ്പാര്‍കോട്, ഗൂളിക്കടവ്, കള്ളമല, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലും തീ പടര്‍ന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more