|

തങ്ങളെ അപമാനിച്ച മന്ത്രിമാരെ ചൂലെടുത്ത് അടിക്കും: ആദിവാസി അമ്മമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അട്ടപ്പാടി: ഗര്‍ഭിണികളുടെ മദ്യപാനം മൂലമാണ് ##അട്ടപ്പാടിയില്‍ ശിശുമരണം സംഭവിക്കുന്നതെന്ന മന്ത്രി കെ.സി ജോസഫിന്റെ പ്രസ്താവനക്കെതിരെ കുഞ്ഞുങ്ങള്‍ മരിച്ച ആദിവാസി അമ്മമാര്‍ രംഗത്ത്. []

തങ്ങള്‍ ഗര്‍ഭിണികളായിരുന്ന സമയത്ത് മദ്യപിച്ചിരുന്നോ എന്ന് മന്ത്രി തെളിയിക്കണമെന്ന് ഇവര്‍ പറഞ്ഞു. മന്ത്രി ഉന്നയിക്കുന്നത് തെറ്റായ ആരോപണമാണ്. അമ്മമാര്‍ മദ്യം കഴിച്ചിട്ടല്ല കുട്ടികള്‍ മരിച്ചത്. മറിച്ച് അമ്മമാര്‍ക്ക് വേണ്ടവിധം ഭക്ഷണം ലഭിക്കാത്തതാണ് അതിന് കാരണമെന്നും അവര്‍ പറഞ്ഞു.

ഇത്തരക്കാരെ ചൂലെടുത്ത് അടിക്കുകയാണ് വേണ്ടത്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയ ഇവര്‍ മാപ്പ് പറയണം. ഇല്ലെങ്കില്‍ ഊരുകളില്‍ കാലെടുത്ത് കുത്താന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

ആദിവാസികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവര്‍ ഭക്ഷണം കഴിക്കാത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും ഇവര്‍ തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ നുണയാണെന്നും അംഗന്‍വാടികള്‍ വഴി മുന്‍പൊന്നും ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളില്‍ നിന്നും വഴുതിമാറാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആദിവാസി അമ്മമാര്‍ വ്യക്തമാക്കി.

അട്ടപ്പാടിയില്‍ ഗര്‍ഭിണികളടക്കം ചാരായം കുടിക്കുന്നതായി കെ.സി ജോസഫ് പറഞ്ഞിരുന്നു.

ഗര്‍ഭിണികളുടെ മദ്യപാനമാണ് ഗര്‍ഭസ്ഥശിശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും  മദ്യത്തിന്റെ ഉപയോഗം കുറച്ചാല്‍ ആരോഗ്യം സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവിടുത്തെ ആളുകള്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതിന് പിന്നാലെയായിരുന്നു കെ.സി ജോസഫിന്റെ പരാമര്‍ശം.