അതിജീവനത്തിനു വേണ്ടി നിരന്തരം സമരങ്ങള്‍ നടത്തിയിട്ടും നിരവധി നിയമങ്ങളും കരാറുകളും ഉണ്ടായിട്ടും ആദിവാസികളുടെ പുനരധിവാസവും ഭൂമി വിതരണവും ഇപ്പോഴും വലിയ സമസ്യയായി തുടരുകയാണ്. 2001ലെ കുടില്‍കെട്ടി സമരത്തിന്റെ കരാര്‍ പ്രകാരം 1900 ഏക്കര്‍ ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ അന്നത്തെ എ.കെ ആന്റണി സര്‍ക്കാരിന് വിട്ടു നല്‍കിയത്. അതില്‍ അട്ടപ്പാടിയിലെ വട്‌ലെക്കി ഫാമും ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീംകോടതിയുടേയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും ഉത്തരവുണ്ടായിട്ടും ഒരു തുണ്ടു ഭൂമി പോലും വട്‌ലെക്കി ഫാമിലെ ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല.
വരടിമല, പോത്തുപടി, കുരുക്കംകുണ്ട്, കുരുവര, വട്‌ലെക്കി എന്നീ അഞ്ചു ഫാമിംഗ് സൊസൈറ്റികളാണ് അട്ടപ്പാടിയില്‍ ആദിവാസികളെ ഉള്‍പ്പെടുത്തികൊണ്ട് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരുതരത്തിലും അതിജീവനത്തിന്റെ കരപറ്റാതെ നരകിക്കുന്നത് വട്‌ലെകി ഫാമിലെ ആദിവാസി കുടുംബങ്ങളാണ്.
“ഇനി ഒന്നും കിട്ടില്ല. അഞ്ച് ഏക്കര്‍ ഭൂമി തന്നിട്ടില്ല, പാത്രങ്ങളും മറ്റു സാധനങ്ങളും തന്നിട്ടില്ല. ഒരു വീട് മാത്രം തന്നു. അത് ഞങ്ങളുടെ പേരില്‍ ഉള്ളതല്ല. ഒരു രേഖകളും തന്നിട്ടില്ല. കലക്ടര്‍ വന്നിട്ട് ഒരേക്കര്‍ ഭൂമി തരാം എന്നു പറഞ്ഞു. ഇതുവരെ ഒന്നും തന്നില്ല. എത്രയോ സാറന്മാര്‍ ഇവിടെ വന്നു. നിങ്ങള്‍ക്ക് തരാം, ഇത് നിങ്ങളുടെ സ്ഥലം എന്നൊക്കെ പറയുന്നുണ്ട്. വട്‌ലെക്കി ഫാമിംഗ് സൊസൈറ്റിയില്‍ 1100 ഏക്കര്‍ ഹെക്ടര്‍ ഭൂമിയാണുള്ളത്. 147 അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഫാമിംഗ് സൊസൈറ്റി ബൈ ലോ പ്രകാരമുള്ള ഭൂമി വിതരണം നടന്നിട്ടില്ല. വനാവകാശ നിയമ പ്രകാരമുള്ള ഭൂമി വിതരണവും നടന്നിട്ടില്ല. ആടിവാസികള്‍ക്ക് അവരുടെ ഭൂമി തിരിച്ചു കൊടുക്കണം. അവരെ പഴയ രീതിയിലേയ്ക്ക് കൊണ്ടുവരണം. അവരുടെ കൃഷി രീതിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരണം. ആദിവാസികളെ മുന്നോട്ടു കൊണ്ട് വരാന്‍ അവര്‍ക്ക് കശുവണ്ടി മരങ്ങള്‍ വെച്ച് കൊടുത്തിട്ട് കാര്യമില്ല.
നിലവില്‍ ആദിവാസികള്‍ക്ക് 50 സെന്റ് ഭൂമി, ഒരേക്കര്‍ ഭൂമി കൊടുത്ത് ഒതുക്കാനാണ് അവരുടെ പദ്ധതി. ഇവിടെ പാരമ്പര്യമായി ജീവിക്കുന്ന ഗോത്ര സമൂഹമാണ്. വനാവകാശ അനിയമാപ്രകാരമുള്ള എല്ലാ അപരിരക്ഷയും കിട്ടണം”- ഫാമിലെ താമസക്കാര്‍ പറയുന്നു.
ആദിവാസി ഉന്നമനത്തിനു വേണ്ടി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചിലവഴിക്കുന്നത് അട്ടപ്പാടിയിലാണ്. ഇവിടെയാണ് സ്വന്തം ഭൂമിയില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെ വട്‌ലെകി ഫാമിലെ ആദിവാസികള്‍ അഭയാര്‍ഥികളെ പോലെ ജീവിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ആകെ ലഭിക്കുന്ന സഹായമാകട്ടെ മരിച്ചു കഴിഞ്ഞാലുള്ള 500 രൂപയാണ്.
“15 കൊല്ലം വരെ പണിതന്നു. ഇഷ്ടിക നിര്‍മാണം, കട്ട നിര്‍മാണം അങ്ങനെ പലതും. ഇപ്പോള്‍ ഒന്നും ഇല്ല. അന്ന് തൊട്ട് ഇന്നു വരെ ഉടുതുണിക്ക് മറുതുണി ഇല്ലാതെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ കുട്ടികള്‍ വലുതായി അവര്‍ക്ക് പേരക്കുട്ടികളുമായി. ആടിനേയും മാടിനേയും തരാം എന്നു പറഞ്ഞു, തന്നില്ല. പഞ്ചായത്തില്‍ പോയി ചോദിച്ചാല്‍ വട്‌ലെകി ഫാമിലെ ആളുകള്‍ക്ക് ഒന്നും ഇല്ല എന്നാണ് പറയുന്നത്. നിങ്ങള്‍ കലക്ടറുടെ ആളുകളാ. നിങ്ങള്‍ക്ക് ഇവിടെ നിന്നും ഒന്നും കിട്ടില്ല. ബാക്കിയുള്ള ആളുകള്‍ക്ക് എല്ലാം കൊടുക്കാറുണ്ട്.
ഐ.ടി.ഡി.പിയില്‍ പോയാലും ഫാമിലുള്ളവര്‍ക്ക് ഒരു സഹായവും കിട്ടില്ല. ലോണ്‍ പോലും കിട്ടാറില്ല. ഫാമിലുള്ളവര്‍ പൈ്‌സക്കാരാണെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് ഒരു ആനുകൂല്യങ്ങളും നിങ്ങള്‍ക്കില്ലാ എന്നാണ് പറയുന്നത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലുറപ്പിന്റെ പണിയാണ്. രണ്ട് മൂന്നു മാസമാകും പണിയെടുത്ത പൈസ കിട്ടാന്‍. അതുവരെ കടയില്‍ പോയി ചോദിച്ചാല്‍ പോലും കടം കിട്ടാറില്ല. വളരെ ബുദ്ധിമുട്ടിലാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ വണ്ടിയില്ല. ഞങ്ങള്‍ക്ക് പൈസ് ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോകാം. മരിച്ചാല്‍ 500 രൂപ കിട്ടും. ചടങ്ങ് ചെയ്യാനും 500 രൂപ കിട്ടു. ബ്ലോക്കില്‍ നിന്നും ഫാമിലെ ക്ലര്‍ക്കിനു പൈസ കൊടുക്കും. അത് ആ സര്‍ വന്നു ഞങ്ങള്‍ക്ക് തരും”- ഫാമിലെ താമസക്കാര്‍ പറയുന്നു.
ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി ഏറ്റവും കൂടുതല്‍ സമരം ചെയ്തിട്ടുള്ള ചരിത്രം ആദിവാസികള്‍ക്കുള്ളതാണ്. ദൈന്യംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പൊരുതുന്ന വട്‌ലെക്കി ഫാമിലെ ആദിവാസികളുടെ ഭൂമിയില്‍ അധികാരം സ്ഥാപിക്കാന്‍ വന്ന എന്‍.ജി.ഒകളെ സമരം ചെയ്ത് പറഞ്ഞുവിടേണ്ടി വന്നിട്ടുണ്ട്.
“പുറമേ നിന്നും വന്ന എന്‍.ജി.ഒകള്‍ക്ക് ഫാമില്‍ ഭൂമി നല്‍കുകയും അവര്‍ക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റ് എല്ലാ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ബാംബു പ്രൊജക്റ്റുമായി വന്ന ഒരു എന്‍.ജി.ഒക്ക് ഭൂമി നല്‍കുകയും അവര്‍ക്ക് കുടിവെള്ള സൗകര്യവും കെട്ടിടവും നല്‍കി. തുടര്‍ന്ന് ആദിവാസികള്‍ പ്രതിഷേധിച്ചതിന്റെ ഭാഗമായി എന്‍.ജി.ഒ അവിടുന്ന് പൂട്ടിപ്പോകുകയാണ് ചെയ്തത്.