| Wednesday, 18th September 2019, 6:58 pm

പരുത്തിയില്‍ നിന്ന് പോഷകധാന്യകൃഷിയിലേക്ക്- അട്ടപ്പാടി ഊരുകള്‍ക്ക് പുതിയ ജീവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നല്ല പങ്കും പരുത്തികൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. 2009-ല്‍ ബി.ടി പരുത്തികൃഷി വ്യാപകമായതോടെ കേരള ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തത്തെി കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കിയിരുന്നു.

പ്രകൃതിയുടെ എല്ലാ പോഷകഗുണങ്ങളും അന്യമായ ഈ കൃഷിരീതി കണ്ടിട്ടും സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനെതിരെ മുഖം തിരിക്കുകയാണ് ചെയ്തത്. പ്രത്യുല്‍പാദനത്തിന്റെ ജീനുകള്‍ എടുത്തു മാറ്റിയതാണ് അന്തകവിത്തുകള്‍. അതുകൊണ്ടുതന്നെ പ്രകൃതി നല്‍കുന്ന പോഷക ഗുണങ്ങളും സ്വാദും ഇവ ഉപയോഗിച്ചുണ്ടാക്കുന്നവക്ക് കുറയും.

എന്നാല്‍ കേരളത്തില്‍ നിരോധിക്കപ്പെട്ട ബി.ടി പരുത്തിയുള്‍പ്പടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്‌വരയാണ്. കൃഷി വകുപ്പ് നടപ്പാക്കുന്ന മില്ലറ്റ് ഗ്രാമം പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഊരുനിവാസികളുടെ പോഷകലഭ്യതയില്‍ ഗണ്യമായ ഉയര്‍ച്ചയാണുണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2006 മുതല്‍ അട്ടപ്പാടി ഊരുകളില്‍ ബോള്‍ വേം കീടത്തെ പ്രതിരോധിക്കുന്ന ബി.ടി പരുത്തി വിളയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പരുത്തി ഏജന്റുമാരുടെ കെണിയില്‍ വീണ കര്‍ഷകര്‍ മുന്‍കൂറായി വിത്തും പണവും വാങ്ങി കൃഷി തുടങ്ങി. ബി.ടി പരുത്തി തുടക്കത്തില്‍ നല്ല വിളവ് തന്നെങ്കിലും മീലിമൂട്ട ഉള്‍പ്പടെയുള്ള കീടങ്ങളുടെ ആക്രമണം അധികരിച്ചതോടെ കര്‍ഷകര്‍ കീടനാശിനി വലിയ തോതില്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായി.

മറുവശത്ത് പാരമ്പര്യമായി കൃഷി ചെയ്തിരുന്ന റാഗി, പനിവരക്, തിന, മണിച്ചോളം തുടങ്ങിയ പോഷകധാന്യങ്ങളും അട്ടപ്പാടി കടുക്, നിലക്കടല തുടങ്ങിയ എണ്ണക്കുരുകളും ആട്ടുകൊമ്പന്‍ അവര, അട്ടപ്പാടി തുവര തുടങ്ങിയ പയറുവര്‍ഗങ്ങളും വലിയതോതില്‍ ഊരുകളില്‍ നിന്ന് പുറത്തായി. അത് ഊരുനിവാസികളുടെ പോഷകലഭ്യതയെ ദോഷകരമായി ബാധിച്ചു.

മില്ലറ്റ് വില്ലേജ് പദ്ധതി

ബി.ടി പരുത്തിയെ ഒഴിവാക്കി പോഷകധാന്യക്കൃഷി മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ആദിവാസി സമുദായങ്ങള്‍ക്കിടയില്‍ ഒരു കാലത്ത് മുഖ്യമായി കൃഷി ചെയ്തിരുന്ന ചെറുധാന്യങ്ങള്‍ അവര്‍ക്ക് കൈമോശം സംഭവിച്ചതുകാരണം ശിശുമരണം, പോഷകാഹാരക്കുറവ് എന്നീ ഗുരുതര പ്രശ്നങ്ങള്‍ സമുദായത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന കൃഷിവകുപ്പും, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്റെയും സംയുക്തമായി അട്ടപ്പാടി മില്ലറ്റ് ഗ്രാമം പദ്ധതി 2017-ല്‍ ആരംഭിച്ചത്.

ഊരുമൂപ്പന്‍മാരെ ബോധവത്കരിച്ചകൊണ്ടായിരുന്നു തുടക്കം. ബി.ടി പരുത്തിയുടെ ദോഷവശങ്ങള്‍ ആദിവാസികര്‍ഷകരെ പറഞ്ഞുമനസിലാക്കി. 2017-18 വര്‍ഷത്തില്‍ 515 ഹെക്ടറില്‍ കൃഷിയിറക്കി.

വിത്തും ഉത്പാദനോപാധികളും സൗജന്യമായാണ് നല്‍കിയത്. 40 ഊരുകളില്‍ 1000 കര്‍ഷക കുടുംബങ്ങള്‍ ഭാഗമായി. എന്നാല്‍ കഠിനമായ വരള്‍ച്ച മൂലം ആ വര്‍ഷം 90 ടണ്‍ പോഷകധാന്യങ്ങളെ ഉത്പാദിപ്പിക്കാനായുള്ളൂ.

പോഷകധാന്യങ്ങള്‍ ഊരുകളിലേക്ക്

രണ്ടാം വര്‍ഷം രണ്ട് സീസണുകളിലായി 1200 കര്‍ഷക കുടുംബങ്ങള്‍ 520 ഹെക്ടറിലും 485 ഹെക്ടറിലും കൃഷിയിറക്കിയിപ്പോള്‍ 480 ടണ്ണും 500 ടണ്ണും പോഷകധാന്യം വിളഞ്ഞു. അതിലൊരു പങ്ക് കോയമ്പത്തൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ സംസ്‌കരിച്ചു പായ്ക്ക് ചെയ്ത വിപണനം നടത്താനായി. 12 ഉത്പന്നങ്ങളാണുണ്ടാക്കിയത്.

പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഊരുകള്‍ പോഷകധാന്യങ്ങള്‍ മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണെന്ന് അട്ടപ്പാടി മില്ലറ്റ് ഗ്രാമം സ്‌പെഷ്യല്‍ ഓഫീസര്‍ ബി സുരേഷ് പറയുന്നു. 2019 ആദ്യ സീസണില്‍ 70 ഊരുകളില്‍ നിന്ന് 1480 കര്‍ഷക കുടുംബങ്ങള്‍ കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നു. 760 ഹെക്ടറില്‍ കൃഷിയറക്കി. 650 ടണ്‍ വിളവാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തുണ്ടായ ശക്തമായ മഴ പോഷകധാന്യകൃഷിയെ കാര്യമായി ബാധിച്ചിട്ടില്ല. അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ നടത്തിയ പഠനമനുസരിച്ച് 2013 ല്‍ അട്ടപ്പാടിയിലുണ്ടായിരുന്ന ശൈശവമരണം 31 ആയിരുന്നത് 2018 ല്‍ 13 ആയും ഗര്‍ഭഛിദ്രം 77 ആയിരുന്നത് 31 ആയും കുറഞ്ഞു.

പോഷകധാന്യങ്ങളുടെ ഉപയോഗം വര്‍ധിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഊരുനിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയെന്നതിന്റെ സൂചകമാണ് ഈ പഠനറിപ്പോര്‍ട്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more