| Wednesday, 6th June 2018, 5:23 pm

അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍കെട്ടി; ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

ആര്യ. പി

അഗളി: അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഊരുവാസികള്‍ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ തുണികെട്ടി ചുമന്ന്.

എടവാണി കുംബ ഊരിലെ തണലിയുടെ ഭാര്യ മണിയെ കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കാനാണ് ഊരുവാസികള്‍ക്ക് പകുതി വഴിയോളം ചുമലില്‍ കെട്ടി ചുമക്കേണ്ടി വന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രസവ വേദന വന്ന മണിയെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് അംഗനവാടി ടീച്ചര്‍ വഴി ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ ആംബുലന്‍സ് അയക്കാമെന്നും അതില്‍ ആശുപത്രിയിലെത്തിക്കാനുമാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഏരെ നേരം കാത്തിരുന്നിട്ടും ആംബുലന്‍സ് വരാതിരിക്കുകയും വേദനകൊണ്ട് മണി പുളയുകയും ചെയ്യുന്നത് കണ്ടതോടെ ഊരിലുള്ളവരും മണിയുടെ ബന്ധുക്കളും ചേര്‍ന്ന് സാരികള്‍ കൂട്ടിക്കെട്ടി മഞ്ചല്‍ രൂപത്തിലുണ്ടാക്കി അതില്‍ ചുമന്ന് കൊണ്ട് പോവുകയായിരുന്നു.

എടവാണിയിലെ ഊരുനിവാസികള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിക്കുന്ന ഏകമാര്‍ഗം മഴയെതുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.

അതിനാല്‍ വാഹനമെത്തുന്ന അരുളിക്കോണം വരെ യുവതിയെ ചുമന്നു കൊണ്ടു പോകേണ്ടി വന്നു. അട്ടപ്പാടിയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം കൂടി പത്തിനടുത്ത് ആംബുലന്‍സുകളുണ്ടായിരിക്കെയാണ് മണിക്ക് ഈ ദുര്‍ഗതി വന്നിരിക്കുന്നത്.

കമ്പില്‍ തുണി കെട്ടി അതില്‍ കിടത്തി ചുമലില്‍ തൂക്കിയാണ് ഊരുനിവാസികള്‍ യുവതിയെ അരളിക്കോണത്ത് എത്തിച്ചത്. ഊരില്‍ നിന്നും വാഹനം ലഭിക്കുന്ന സ്ഥലത്തേക്കെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചാരയോഗ്യമല്ലാത്ത പാതയാണ്.  ഇവിടെയെത്താന്‍ പുഴകള്‍ മുറിച്ചു കടക്കുകയും വേണം .

അവിടെ നിന്നും കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആസ്പത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.

ഒടുവില്‍ ഊരുവാസികള്‍ ഇടപെട്ട് സ്വകാര്യ വാഹനം വിളിച്ച് യുവതിയെ കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ച് പത്തുമിനിറ്റിനുള്ളില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും ഇപ്പോള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സുഖമായിരിക്കുന്നു.


Also Read കരമന ദേശീയപാതക്കിരുവശവും മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കൂമ്പാരമാകുന്നു; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍


ആശുപത്രി അധികൃതര്‍ പറഞ്ഞയച്ച ആംബുലന്‍സ് കാത്ത് വീണ്ടും അവിടെ നിന്നിരുന്നെങ്കില്‍ ഒരു പക്ഷേ മണി വാഹനത്തില്‍ പ്രസവിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടാവാനും സാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

അതേസമയം ആംബുലന്‍സ് കേടായിരിക്കുന്നതിനാലാണ് സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാതിരുന്നത് എന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ പഞ്ചായത്തും ആരോഗ്യവകുപ്പും തമ്മിലുള്ള തര്‍ക്കം മൂലം ആംബുലന്‍സിന്റെ ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ആംബുലന്‍സ് സേവനം ലഭ്യമാകാതിരുന്നതെന്നുമാണ് കോട്ടത്തറയിലെ നോഡല്‍ ഓഫീസറുടെ വിശദീകരണം.

അതേസമയം ഇത്രയും ഗുരുതരമായ ഒരു വിഷയം ഉണ്ടായിട്ടും ആദിവാസികകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ചുമതലയുള്ള എസ്.ടി പ്രമോട്ടര്‍ സഹായിച്ചില്ലെന്ന പരാതിയുമുണ്ട്. മാത്രവുമല്ല അട്ടപ്പാടിയിലെ ആദിവാസികളായ ഗര്‍ഭിണികളുടെ ചികിത്സക്കാവശ്യമായ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് പ്രഖ്യാപനങ്ങളുള്ളപ്പോഴും മണിയെ ആശുപത്രിയിലെത്തിക്കാന്‍ പകുതി ദൂരമോടിയ ജീപ്പിന്റെ വാടക നല്‍കിയത് ബന്ധുക്കള്‍ ചേര്‍ന്നാണ്.

അട്ടപ്പാടിയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കമ്പില്‍കെട്ടി ചുമന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ സംഭവം വേദനജനകമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പ്രതികരിച്ചു.

“ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കമ്പില്‍കെട്ടി ചുമന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ സംഭവം വേദനജനകമാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും”- എം.സി ജോസഫൈന്‍ പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പുറംലോകം അറിഞ്ഞ 2012-13 കാലഘട്ടത്തില്‍ അട്ടപ്പാടി സന്ദര്‍ശിച്ച അന്നത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന ജയറാം രമേശ് അട്ടപ്പാടിക്കാര്‍ക്കായി 16 റോഡുകളാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എടവാണിയില്‍ റോഡായിട്ടില്ല. സ്വര്‍ണ്ണഗദ്ദ മുതല്‍ എടവാണി വരെയുള്ള റോഡിനായി ഒമ്പതേമുക്കാല്‍ ലക്ഷം രൂപ വകയിരുത്തിയിരുത്തിയെങ്കിലും അത് കടലാസില്‍ മാത്രമൊതുങ്ങി.

പുതൂരില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഇടവാനി ഊരിലേക്ക് ഗതാഗത യോഗ്യമായ റോഡ് സംവിധാനമില്ല. ഇടവാനി ഊരില്‍ നിന്നും വാഹനം ലഭ്യമാകുന്ന ഏറ്റവും അടുത്ത സ്ഥലത്തേക്കെത്താന്‍ ഏഴര കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ ഇടവാനി ഊരിലേക്ക് പി.എം.എസ്ജി.ഐ പദ്ധതിയില്‍പ്പെടുത്തി പുതിയ റോഡ് ഉണ്ടാക്കാന്‍ വേണ്ടി ഫണ്ട് ലഭ്യമായിട്ടുള്ളതാണ്.

പക്ഷെ പണി തുടങ്ങണമെങ്കില്‍ ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഊരുകൂട്ടം കൂടി മിനുട്‌സ് സമര്‍പ്പിക്കണ്ടതുണ്ട്. എന്നാല്‍ മാര്‍ച്ചില്‍ പണി തുടങ്ങേണ്ടിയിരുന്ന ഈ റോഡിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി ഊരുകൂട്ടം വിളിച്ചുചേര്‍ക്കേണ്ട ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഊരുവാസികള്‍ പറയുന്നു.

മുപ്പത്തിയെട്ട് കുടുംബങ്ങളിലായി മുന്നൂറോളം ആളുകളാണ് എടവാണി ഊരില്‍ താമസിക്കുന്നത്. തൊഴിലുറപ്പിന് പോയി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഊരുനിവാസികളും. റോഡ് കവിഞ്ഞൊഴുകുന്ന പുഴ നാല് തവണ മുറിച്ചു കടന്നുവേണം ഇവര്‍ക്ക് പുറത്തെത്താന്‍.

അതിനാല്‍ തന്നെ മഴക്കാലമായാല്‍ ഊരുനിവാസികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകയും അവര്‍ ഒറ്റപ്പെടുകയും ചെയ്യും.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more