കൊച്ചി: അട്ടപ്പാടി മധു വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് സപെഷ്യല്‍ കോടതി ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജാമ്യം റദ്ദാക്കിയതിനെതിരെ കേസിലെ രണ്ടും അഞ്ചും പ്രതികള്‍ നല്‍കിയ ഹരജിയിലാണ് എസ്.സി/എസ്.ടി കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ.
കേസിലെ രേഖകള്‍ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെ വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്ന നിരീക്ഷണവും ഹരജി പരിഗണിക്കുന്നതിനിടെ ഉണ്ടായി. ഇക്കാര്യത്തില്‍ മറുപടി വേണമെന്നും കോടതി വ്യക്തമാക്കി.
ഹരജി പരിഗണിക്കവേ സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചരണമാണെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് പ്രോസിക്യൂഷനും പൊലീസിനും തെളിവ് ഹാജരാക്കാന്‍ ആയിട്ടില്ലെന്നും, വിചാരണയില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. തങ്ങള്‍ സ്വാധീനിച്ചു എന്ന് ഒരു സാക്ഷി പോലും പരാതി നല്‍കിയിട്ടില്ലെന്നും ഹരജിക്കാര്‍ വാദിച്ചു.
പൊലീസ് നടപടി മുഖം രക്ഷിക്കാനാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്. രണ്ടാം പ്രതി മരയ്ക്കാറും, അഞ്ചാം പ്രതി രാധാകൃഷ്ണനുമാണ് വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് കേസിലെ 16 പ്രതികളില്‍ 12 പേരുടെ ജാമ്യം മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച റദ്ദാക്കിയത്. വിസ്തരിച്ച 13 സാക്ഷികളില്‍ 11 പേരും കൂറുമാറിയതോടെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹരജി നല്‍കിയത്.
പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സാക്ഷികള്‍ക്ക് പണം നല്‍കുക, ഹോട്ടല്‍മുറിയില്‍ സാക്ഷികളെ വിളിച്ച് ചര്‍ച്ച നടത്തുക, ആദിവാസി സ്ത്രീയുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് സാക്ഷികളെ സ്വാധീനിക്കാന്‍ വിളിക്കുക തുടങ്ങിയ തെളിവുകള്‍ പൊലീസ് ശേഖരിച്ച് പ്രോസിക്യൂഷന് നല്‍കിയിരുന്നു. ഇതാണ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സഹായകമായത്.
അതേസമയം, കേസില്‍ കോടതി ജാമ്യം റദ്ദാക്കിയ 12 പ്രതികളില്‍ ഒമ്പത് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഗളി ഡി.വൈ.എസ്.പി എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ പത്ത് ടീമായാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.
കേസിലെ കീഴ്‌ക്കോടതി ജാമ്യം റദ്ദാക്കിയ ബാക്കി പ്രതികളായ നാലാം പ്രതി കെ. അനീഷ്, ഏഴാം പ്രതി പി.കെ. സിദ്ദിഖ്, പതിനഞ്ചാം പ്രതി സി. ബിജു എന്നിവര്‍ റിമാന്‍ഡിലാണുള്ളത്.
Content Highlight: Attappadi Madhu Murder case High Court allows Interim stay For the defendants