മധു വധക്കേസ്: അതിവേഗ വിചാരണ ഇന്നുമുതല്‍, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍
Kerala News
മധു വധക്കേസ്: അതിവേഗ വിചാരണ ഇന്നുമുതല്‍, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 7:53 am

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതിയില്‍ വിസ്തരിക്കും. പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും.

വിചാരണ വേഗത്തിലാക്കാന്‍ വേണ്ടി ഇന്നുമുതല്‍ ദിവസേനെ അഞ്ചുപേരെ വിസ്തരിക്കും. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന 25ാം സാക്ഷി രാജേഷ് , 26ാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും.

27ാം സാക്ഷി സെയ്ദതലവി, 28ാം സാക്ഷി മണികണ്ഠന്‍, 29ാം സാക്ഷി സുനില്‍ കുമാര്‍, 30ാം സാക്ഷി താജുദ്ദീന്‍, 31ാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയിരുന്നു. സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

അതേസമയം, ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മണ്ണാര്‍ക്കാട്ടെ സ്പെഷ്യല്‍ കോടതി വിചാരണ വേഗത്തിലാക്കുന്നത്. ആഗസ്റ്റ് 30നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

അതിനിടെ സാക്ഷികളുടെ മൊഴിമാറ്റം തടയാന്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ തുടര്‍ കൂറുമാറ്റം പ്രതിസന്ധിയാണെന്നും, പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

2018 ഫെബ്രുവരി 22നായിരുന്നു മധു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മധു വധക്കേസില്‍ 122 സാക്ഷികളാണുള്ളത്.

Content Highlight: Attappadi Madhu murder case Fast Track Trial begin from today