പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയില്‍ കൂറുമാറി. വനം വകുപ്പ് വാച്ചര്‍ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി.
കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചതിന് ശേഷം കോടതിയില്‍ ഹാജരായ 1 മുതല്‍ 17 വരെ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് കേസിന് അനുകൂലമായി മൊഴി നല്‍കിയത്. കൂറുമാറിയവരെല്ലാം മുമ്പ് രഹസ്യ മൊഴി നല്‍കിയവരായിരുന്നു.
രഹസ്യമൊഴി നല്‍കിയ 17ാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്‍കിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്.
പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നല്‍കിയത് എന്നായിരുന്നു ജോളി തിരുത്തിയത്. കഴിഞ്ഞ ആഴ്ച കൂറുമാറിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
സാക്ഷികളുടെ തുടര്‍ കൂറുമാറ്റം കേസില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് എം. മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും, സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും മധുവിന്റെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭീഷണി ഉണ്ടെന്നും, മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റാനാണ് ആലോചനയെന്നും മധുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് മധു വധക്കേസ് വിചാരണ.