അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം നിയന്ത്രിച്ചു
Kerala Flood
അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം നിയന്ത്രിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th August 2018, 7:59 am

മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ അട്ടപ്പാടി ചുരത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ചുരം അടച്ചു. ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതോടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അട്ടപ്പാടി പ്രദേശങ്ങളിലേക്ക് എത്തുക ദുഷ്‌കരമായി. മലയോര-വന പ്രദേശമായതിനാല്‍ അട്ടപ്പാടിയിലെ ഊരുകളിലും ഉള്‍പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ട്.

സംസ്ഥാനത്താകെ കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ട്. കോഴിക്കോട് അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് വയനാട് പാതയും ഗതാഗത നിയന്ത്രണത്തിലാണ്. കുറ്റിയാഡി ചുരവും, താമരശ്ശേരി ചുരവും ഇടിഞ്ഞതിനാല്‍, വയനാട്ടിലേക്ക് നിലവില്‍ ബസുകളൊന്നും വിടുന്നില്ല.