പോലീസ്, കോടതി, ആള്‍ക്കൂട്ടം ജയില്‍ ചാടിയ ആ സ്ത്രീകള്‍ക്ക് മേല്‍ നടപ്പാക്കപ്പെട്ട അനീതികള്‍
നിമിഷ ടോം

ഒരു നിയമലംഘനം കയ്യോടെ പിടികൂടി പ്രതിക്രിയ ചെയ്ത നിര്‍വൃതിയിലാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നും ജയില്‍ ചാടിയ ശില്‍പയെയും സന്ധ്യയെയും പിടികൂടിയ ശേഷം കേരളം. വിചാരണത്തടവിനിടെ ജയില്‍ ചാടുകയും മണിക്കൂറുകള്‍ക്കകം വീണ്ടും പിടിയിലാവുകയും ചെയ്ത ഈ രണ്ട് യുവതികള്‍ മാധ്യമശ്രദ്ധയില്‍നിന്ന് എളുപ്പം മാഞ്ഞു. കുറ്റങ്ങള്‍ മുടിനാരിഴ കീറി പരിശോധിക്കപ്പെടാനുള്ളതാണ്. നിയമം, അണുവിട വിടാതെ നടപ്പാക്കാനുള്ളതും. ശില്‍പയുടെയും സന്ധ്യയുടെയും കാര്യത്തിലും നിയമം നടപ്പാക്കപ്പെട്ട ചാരിതാര്‍ത്ഥ്യത്തിലാണ് എല്ലാവരും. ഇതിനിടയില്‍ നീതി നിര്‍വ്വഹിക്കപ്പെട്ടുവോ എന്നത് ആരുടെയും തലവേദനയാവുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരായ രണ്ട് യുവതികള്‍ ജാമ്യമെടുക്കാന്‍ ആളില്ലാതെ ജയിലിലേക്ക് പോകേണ്ടി വന്നത് ആരെയും വേദനിപ്പിക്കുന്നില്ല.

നഗരൂരിലെ ജോലിക്കുനിന്ന വീട്ടില്‍നിന്നും രണ്ട് ഗ്രാം തൂക്കം വരുന്ന മോതിരം മോഷ്ടിച്ചതാണ് ശില്‍പ ചെയ്ത തെറ്റ്. കേസെടുത്ത നഗരൂര്‍ പൊലീസ് ശില്‍പയെ കോടതിയില്‍ ഹാജറാക്കി. കോടതി റിമാന്‍ഡില്‍ വിട്ടു. എന്നാല്‍, ജാമ്യമെടുക്കാനോ നിയമസഹായത്തിനോ ആരുമെത്തിയില്ല. ഇതോടെയാണ് 14 ദിവസത്തെ ശില്‍പയുടെ റിമാന്‍ഡ് കാലാവധി അനിശ്ചിതമായി നീണ്ടത്. സന്ധ്യയുടെ അവസ്ഥയും മറ്റൊന്നല്ല.

ആദിവാസി/ പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ പ്രതികളാവുന്ന കേസുകളില്‍ നിയമസഹായം നല്‍കണമെന്നും പരമാവധി നീതി അവര്‍ക്ക് നടപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കെ, ശില്‍പയുടെയോ സന്ധ്യയുടെയോ കാര്യത്തില്‍ പൊലീസോ കോടതിയോ ഇത് പരിഗണനയ്ക്കെടുത്തില്ല. നിസാരകേസിന് പിടിയിലായ ഈ രണ്ട് സ്ത്രീകള്‍ക്കും ശിക്ഷ ഉറപ്പാക്കാനായിരുന്നു ഇവിടത്തെ നിയമ സംവിധാനങ്ങള്‍ക്ക് താല്‍പര്യം.

സാധാരണ പരോള്‍ തടവുകാര്‍ ജയില്‍ ചാടാനുള്ള ശ്രമം നടത്താറില്ല. എന്നാല്‍, തങ്ങള്‍ക്കുവേണ്ടി ആരും ജാമ്യത്തിന് ശ്രമിക്കില്ലെന്ന മനസിലാക്കലും ആറ് വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന അഭിഭാഷകന്റെ വാക്കുമാണ് ഇരുവരെയും ജയില്‍ചാട്ടത്തിലേക്കെത്തിച്ചത്. ശിക്ഷിക്കപ്പെട്ടാല്‍ കുറഞ്ഞ കാലം മാത്രം തടവുശിക്ഷ അനുഭവിക്കേണ്ടിയിരുന്ന ഇവര്‍ക്ക് ജയില്‍ ചാട്ടത്തോടെ തെറ്റിന്റെ വ്യാപ്തിയും കുറ്റത്തിന്റെ അളവും കൂടി. ആദിവാസി വിഭാഗത്തിലെ സ്ത്രീകളാണ് ഇരുവരും.

നിയമം വാദിച്ച് ജയിക്കപ്പെടുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നത് ഇത് ആദ്യ സംഭവമല്ല. അവസാനത്തേതുമാകാന്‍ ഇടയില്ല. എന്നാല്‍ ഇതിനിടയില്‍പെട്ട് ഇല്ലാതാവുന്നത് അധികാരത്തിന്റെയോ സമ്പത്തിന്റെയോ പോലും പരിരക്ഷയില്ലാത്ത ഇത്തരം ചില ജീവിതങ്ങളാണ്.