| Friday, 3rd May 2019, 12:12 pm

ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികളും സ്‌കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം: ഈയാഴ്ച ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടെന്ന് ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഈയാഴ്ച പള്ളികള്‍ ആക്രമിക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ശ്രീലങ്കയിലെ കത്തോലിക് പള്ളികള്‍ക്ക് വിവരം ലഭിച്ചതായി കൊളംബോ ആര്‍ച്ച് ബിഷപ്പ്. ആര്‍ച്ച് ബിഷപ്പ് മാല്‍കോം രഞ്ജിത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയിലെ പള്ളികളും കത്തോലിക് സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. കുര്‍ബാനയ്ക്കുവേണ്ടിയുള്ള ഒത്തുചേരലും ഒഴിവാക്കാന്‍ ബിഷപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

‘നിങ്ങളുടെ നന്മയ്ക്കുവേണ്ടി ഈ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.’ അദ്ദേഹം കുറിച്ചു.

കത്തിന്റെ ആധികാരികതയെ കത്തോലിക്കാ സഭാ വക്താവ് റവറന്റ് അഡ്മണ്ട് തിലകരത്‌നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം നടക്കുമെന്ന സൂചനയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത ശ്രീലങ്കന്‍ സര്‍ക്കാറിനെ ബിഷപ്പ് നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഭീകരര്‍ പദ്ധതിയിടുന്നതായി ശ്രീലങ്കന്‍ സുരക്ഷാ സേനയും മുന്നറിയിപ്പു നല്‍കിയിരുന്നു.

സൈനിക വേഷത്തില്‍ വാനിലെത്തി സ്ഫോടനം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

We use cookies to give you the best possible experience. Learn more