ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപ്പത്തില്‍ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം. ഇരുപതോളം വരുന്ന ആയുധധാരികളായ ആളുകളാണ് സോനിപ്പത്ത് ജില്ലയിലെ സന്ദാല്‍ കലന്‍ ഗ്രാമത്തിലുള്ള പള്ളിക്കും നിസ്‌കാരമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്കായെത്തിയ വിശ്വാസികള്‍ക്കും നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്തായിഖ് അലി, അലാമിര്‍, സാബിര്‍ അലി, ഫര്‍യാദ്, അന്‍സാര്‍ അലി, ജുലേഖ, അലി താബ്, നര്‍ഗിസ്, ജറീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആയുധധാരികളായ ആളുകള്‍ വിശ്വാസികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുളവടികളുമായി കറങ്ങുന്ന അക്രമകാരികളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അക്രമകാരികള്‍ അതേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
19 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 16 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ സോനിപ്പത്തിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണം നടന്നതിന് പിന്നാലെ മേഖലയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
രാമനവമിയുമായി ബന്ധപ്പെട്ട് നേരത്തെ മുസ്‌ലീങ്ങള്‍ക്ക് നേരെയും പള്ളികള്‍ക്കെതിരെയും നിരവധി ആക്രമണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ബീഹാറിലും ഹൈദരാബാദിലും ബംഗാളിലുമെല്ലാം ഹിന്ദുത്വവാദികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. നിരവധി ഹിന്ദുത്വ നേതാക്കളാണ് വിദ്വേഷ പ്രസംഗങ്ങളുമായി ഈ സമയത്ത് രംഗത്ത് വന്നിരുന്നത്.
Content Hoghlights: Attacks on worshipers and mosques in Haryana; 9 people injured