|

ലെബനനില്‍ യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ആക്രമണം; 25 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ലെബനനില്‍ യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 25 പേര്‍ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആക്രമണം നടത്തിയവര്‍ ഇവര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ലെബനന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ദൗത്യം പൂര്‍ത്തിയാക്കി നേപ്പാളിലേക്ക് മടങ്ങുകയായിരുന്ന ഡെപ്യൂട്ടി ഫോഴ്സ് കമാന്‍ഡര്‍ ചോക് ബഹാദൂര്‍ ധക്കലിനാണ് പരിക്കേറ്റത്.

ഇറാനിയന്‍ വിമാന സര്‍വീസുകള്‍ തടഞ്ഞ തീരുമാനത്തിനെതിരെ ഹിസ്ബുല്ല അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ഇതിനുപിന്നാലെയാണ് ലെബനീസ് ആര്‍മി ഇന്റലിജന്‍സ് 25 ആളുകളെ അറസ്റ്റ് ചെയ്തത്. ലെബനന്‍ ആഭ്യന്തരമന്ത്രി അഹമ്മദ് അല്‍ ഹജ്ജാരും ഹിസ്ബുല്ല നേതാക്കളും ആക്രമണത്തെ അപലപിച്ചു.

ആക്രമണത്തിനിടെ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഹിസ്ബുല്ലക്ക് ആയുധം കൈമാറാന്‍ ഇറാന്‍ സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ ലെബനനില്‍ പ്രതിഷേധവും നിലനിന്നിരുന്നു. ഹിസ്ബുല്ല അനുകൂലികള്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് എറിയുകയും ചെയ്തിരുന്നു. അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

ഇസ്രഈലിന്റെ അനധികൃതമായ ഇടപെടല്‍, ദേശീയ പരമാധികാരത്തിന്റെ ലംഘനം എന്നിവയില്‍ പ്രതിഷേധിച്ച് വിമാനത്താവളത്തിന് സമീപം ബഹുജന കുത്തിയിരിപ്പ് സമരവും നടക്കുന്നുണ്ട്. സമരത്തില്‍ കൂടുതല്‍ പൗരന്മാര്‍ പങ്കുചേരണമെന്ന് ഹിസ്ബുല്ല ആഹ്വനം ചെയ്തിരുന്നു. എന്നാല്‍ സമരക്കാരെ പിരിച്ചുവിടാന്‍ ലെബനന്‍ സര്‍ക്കാര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈലിന്റെ ആരോപണം ലെബനന്‍ ഉദ്യോഗസ്ഥരും ഹിസ്ബുല്ലയും നിഷേധിച്ചു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ ഇന്നലെ (ശനി) അറിയിച്ചു.

Content Highlight: Attacks on UN Peacekeepers in Lebanon; 25 people were arrested

Latest Stories