| Wednesday, 8th January 2025, 1:50 pm

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; യു.ജി.സി കരട് നയം റദ്ദാക്കണമെന്ന് സി.പി.ഐ.എം പി.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് യു.ജി.സി തയാറാക്കിയ കരട് റദ്ദാക്കണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് മാര്‍ഗരേഖയെന്നും സി.പി.ഐ.എം പറഞ്ഞു.

ചാന്‍സിലറുടെ നോമിനി ചെയര്‍പേഴ്‌സണാകുന്ന മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരം മാര്‍ഗരേഖ ഗവര്‍ണര്‍ കം ചാന്‍സിലര്‍ക്ക് നല്‍കുന്നുവെന്നും സി.പി.ഐ.എം പി.ബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ ഏകപക്ഷീയമായി പെരുമാറുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത് സംഭവിക്കുന്നതെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

സെലക്ഷന്‍ കമ്മിറ്റിയില്‍ ആരെയാണ് നിയമിക്കുന്നതെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അഭിപ്രായവും ഉണ്ടാകില്ല. ഒറ്റയടിക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി, ഗവര്‍ണര്‍മാര്‍-കംചാന്‍സിലര്‍മാര്‍ മുഖേന എല്ലാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലും കേന്ദ്രത്തിന് ഇഷ്ടമുള്ള വി.സിമാരെ നിയമിക്കാമെന്നും സി.പി.ഐ.എം പറഞ്ഞു.

ഈ കരട് ചട്ടങ്ങള്‍ ഭരണഘടനാപരമായ നിലപാടിനെ ലംഘിക്കുന്നുവെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം ഒരു സമകാലികമായ വിഷയമാണെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.

ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും ഈ അപകടകരമായ വ്യവസ്ഥയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

പുതിയ കരട് ചട്ടം അനുസരിച്ച്, വ്യവസായ വിദഗ്ധരെയോ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയോ നേരിട്ട് വൈസ് ചാന്‍സിലറായി നിയമിക്കാനാകും. 10 വര്‍ഷത്തെ പരിചയ സമ്പന്നതയാണ് നിയമനത്തിനുള്ള മാനദണ്ഡം.

ഫാക്കല്‍റ്റികളായി നിയമിക്കുന്നതിന് ഒരേ വിഷയത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, യു.ജി.സി നെറ്റ് എന്നിവയില്‍ ബിരുദം വേണമെന്ന നിബന്ധനയും മാര്‍ഗരേഖ ഒഴിവാക്കി. വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങളെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വിശദീകരണം.

Content Highlight: Attacks on States’ Rights; CPI(M) P.B. wants to cancel UGC draft policy

We use cookies to give you the best possible experience. Learn more