| Friday, 3rd June 2022, 9:21 am

"ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്ക നിലകൊള്ളും": ആന്റണി ബ്ലിങ്കെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയില്‍ ജനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്ക നിലകൊള്ളുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യന്‍ രാജ്യങ്ങളായ ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2021ലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്താരാഷ്ട്ര റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍, മനുഷ്യര്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ അടുത്തകാലത്ത് ശ്രദ്ധിച്ചിരുന്നു.

ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിനായി അമേരിക്ക നിലകൊള്ളുന്നത് തുടരും. മതസ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്ത മാസം യു.എസ് മന്ത്രിതലത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ തുടരും,’ ബ്ലിങ്കെന്‍ പറഞ്ഞു.

വിയറ്റ്‌നാമില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ അധികാരികള്‍ ഉുപദ്രവിച്ചപ്പോള്‍ നൈജീരിയയില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിച്ചതിന് മതനിന്ദ നിയമങ്ങളും മറ്റ് നിയമങ്ങളും ചേര്‍ത്ത് ജനങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥയുണ്ടായെന്നും ബ്ലിങ്കെന്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന് യോജിക്കാത്തതായി കരുതുന്ന മറ്റ് മതങ്ങളുടെ അനുയായികളെ ആക്രമിക്കുന്നത് ചൈന തുടരുകയാണ്. ബുദ്ധ, ക്രിസ്ത്യന്‍, ഇസ്‌ലാമിക, ആരാധനാലയങ്ങള്‍ നശിപ്പിച്ചും ക്രിസ്ത്യാനികള്‍, മുസ്‌ലിങ്ങള്‍, ടിബറ്റന്‍ ബുദ്ധമതക്കാര്‍, ഫലുന്‍ ഗോങ് എന്നിവര്‍ക്ക് തൊഴിലിനും പാര്‍പ്പിടത്തിനും തടസ്സങ്ങള്‍ സൃഷ്ടിച്ചുമാണ് അധികാരികള്‍ ഇവരെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെ മതസ്വാതന്ത്ര്യം നാടകീയമായ വിധത്തില്‍ താളം തെറ്റി. മതത്തിന്റെ പേര് ചേര്‍ത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും സമൂഹത്തില്‍ ഇടപഴകുന്നതിനുമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും താലിബാന്‍ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്,’ ബ്ലിങ്കെന്‍ പറഞ്ഞു.

‘പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 2021ല്‍ 16 പേരെ പാകിസ്ഥാന്‍ കോടതികള്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷകളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതും വാസ്തവമാണ്. ഈ രാജ്യങ്ങള്‍ക്കപ്പുറം, ലോകമെമ്പാടും മതസ്വാതന്ത്ര്യവും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഭീഷണിയിലാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നു,’ ബ്ലിങ്കെന്‍ പറഞ്ഞു.

Content Highlight: Attacks on places of worship are on the rise in India,  the United States will stand up for religious freedom around the world says Anthony Blinken

We use cookies to give you the best possible experience. Learn more