ബെല്‍ജിയം; ലെബനനിലും ഗസയിലും ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ അധാര്‍മികമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രഈല്‍ സൈനികാധിപത്യം നടത്തുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ബെല്‍ജിയത്തില്‍ നിന്നും താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് മാര്‍പാപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ചോദിക്കവെയാണ് മാര്‍പാപ്പയുടെ പ്രതികരണം. ഇസ്രഈലിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും പൊതുവായ രീതിയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല കൊല്ലപ്പെട്ടതിലും ബെയ്‌റൂട്ടില്‍ ഒന്നിലധികം കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ചെയ്ത വ്യോമാക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധം എല്ലായപ്പോഴും ആ ആക്രമണത്തിന് ആനുപാതികമായി മാത്രമായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
‘ആനുപാതികമല്ലാതെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ധാര്‍മികമല്ലാത്ത പ്രവണതയുണ്ടാകുന്നു. ഇത് ചെയ്യുന്നത് ഏത് രാജ്യമാണെങ്കിലും അത് ധാര്‍മികതയക്ക് അതീതമാണ്,’ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
‘യുദ്ധം തന്നെ അധാര്‍മികമാണ്. എങ്കില്‍ പോലും ഇതിലും ധാര്‍മികമായ ചില നിയമങ്ങളുണ്ട്,’ മാര്‍പാപ്പ റഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചും തെക്കന്‍ ലെബനനിലുണ്ടായ സംഘര്‍ങ്ങളെ കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച്ച വൈകുന്നേരം ബെയ്റൂട്ടിലെ ദഹിയയില്‍ ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് പുറമെ സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.