ന്യൂദല്‍ഹി: താന്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഞാന്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം നില്‍ക്കുന്നു. ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പോരാട്ടം നല്ല രസമുണ്ട്. ഈ പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പോരാടിയതിന്റെ പത്ത് മടങ്ങ് വീര്യത്തില്‍ ഞാന്‍ പോരാടും’ എന്നും രാഹുല്‍ പറഞ്ഞു.
ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആര്‍.എസ്.എസ് അപകീര്‍ത്തി കേസ് നല്‍കിയത്.
‘ബി.ജെ.പിയുടെ, ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിന് ഇരയാവുന്നു, മര്‍ദ്ദിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ 2017ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധ്രുതിമാന്‍ ജോഷി കോടതിയെ സമീപിച്ചത്.
രാഹുല്‍ ഗാന്ധിയ്ക്കു പുറമേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കുമെതിരെയും പരാതി ഉയര്‍ന്നിരുന്നു. വ്യക്തികള്‍ നടത്തിയ പരാമര്‍ശത്തിന് പാര്‍ട്ടി കക്ഷിയാവേണ്ടതില്ലെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയുള്ള പരാതി കോടതി തള്ളിയിരുന്നു.
2017ലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് അവരുടെ വീടിനു മുന്നില്‍ ഹിന്ദുത്വതീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ മറ്റൊരു മാനനഷ്ടക്കേസും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്.