യു.എസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രചരണത്തിനിടയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവമാണ് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റിരുന്നു.
പിന്നാലെ താന്‍ സുരക്ഷിതാനാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. തന്നെ സുരക്ഷിതമായി പെട്ടെന്ന് തന്നെ പുറത്തെത്തിച്ച സുരക്ഷാ സേനയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. എന്നാല്‍ യു.എസില്‍ ജനക്കൂട്ടത്തിനിടെ ആക്രമണത്തിന് ഇരയാകുന്ന ആദ്യത്തെ രാഷ്ട്രത്തലവനല്ല ഡൊണാള്‍ഡ് ട്രംപ്. എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി അടക്കമുള്ള പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളും പരസ്യമായി ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്.
വിയറ്റ്‌നാം സമരവും പൗരാവകാശ സമരവും കൊടുമ്പിരികൊണ്ട സമയത്താണ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് മരിക്കുന്നത്. പങ്കാളിയായ ജാക്കിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കെന്നഡി കൊല്ലപ്പെടുന്നത്. 1963ലെ ഈ ആക്രമണം സോവിയറ്റ് യൂണിയനിലെ മുന്‍ നാവികനായ ലീ ഹാര്‍വി ഓ സ്വാല്‍ഡാണ് നടത്തിയത്. ഹാര്‍വി ഓസ്വാള്‍ഡ് ഒറ്റയ്ക്കാണ് ഈ ആക്രമണം നടത്തിയതെന്ന് 1964ല്‍ വാറന്‍ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 1961 മുതല്‍ 1963ല്‍ വധിക്കപ്പെടുന്നതുവരെ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നു ജോണ്‍ എഫ്. കെന്നഡി.
ജോണ്‍ എഫ്. കെന്നഡി
ജോണ്‍ എഫ്. കെന്നഡിക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ റോബര്‍ട്ട് എഫ്. കെന്നഡിയും സമാനായ രീതിയിലാണ് കൊല്ലപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 1968ല്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ അംബാസിഡര്‍ ഹോട്ടലില്‍ വെച്ചാണ് റോബര്‍ട്ട് എഫ്. കെന്നഡി ആക്രമിക്കപ്പെട്ടത്. റോബേര്‍ട്ടിന്റെ കൊലപാതകം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.
പൗരാവകാശ നേതാവായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ കൊല്ലപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് റോബര്‍ട്ട് ആക്രമിക്കപ്പെടുന്നത്. 1961 ജനുവരി മുതല്‍ 1964 സെപ്തംബര്‍ വരെ യു.എസിന്റെ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ച നേതാവായിരുന്നു റോബര്‍ട്ട് എഫ്. കെന്നഡി.
1865ലാണ് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. വാഷിങ്ടണിലെ ഫോര്‍ഡ്‌സ് തിയേറ്ററില്‍ ‘ഔര്‍ അമേരിക്കന്‍ കസിന്‍’ എന്ന നാടകം കാണുന്നതിനിടയിലാണ് അദ്ദേഹം ആക്രമണത്തിനിരയായത്. കോണ്‍ഫെഡറേറ്റ് അനുഭാവിയും നടനുമായ ജോണ്‍ വില്‍ക്‌സ് ബൂത്താണ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചത്.
എബ്രഹാം ലിങ്കണ്‍
വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണെയും സ്റ്റേറ്റ് സെക്രട്ടറി വില്യം സെവാര്‍ഡിനെയും വധിക്കാനുള്ള ശ്രമങ്ങള്‍ ഇതേ സമയത്ത് നടന്നിരുന്നതായാണ് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു.എസിലെ ആഭ്യന്തര യുദ്ധത്തില്‍ കോണ്‍ഫെഡറേറ്റുകള്‍ കീഴടങ്ങിയതിന് പിന്നാലെയാണ് എബ്രഹാം ലിങ്കണിന് നേരെ ആക്രമണമുണ്ടയത്.
പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെൽറ്റിനെ ലക്ഷ്യം വെച്ച 1993ലെ ആക്രമണത്തില്‍ നിന്ന് അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക്‌ളിന്‍ ഡിലനോ റൂസ്‌വെൽറ്റ് 1933 മുതല്‍ 1945 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ അമേരിക്കന്‍ പ്രസിഡന്റായ വ്യക്തി കൂടിയാണ് അദ്ദേഹം. റൂസ്‌വെൽറ്റിനെതിരായ ഈ ആക്രമണത്തില്‍ ചിക്കാഗോ മേയര്‍ ആന്റണ്‍ സെര്‍മാക് കൊല്ലപ്പെട്ടു. ഫ്‌ലോറിഡയിലെ മിയാമിയില്‍ വെച്ചായിരുന്നു സെര്‍മാക് ആക്രമിക്കപ്പെട്ടത്.
ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന് സമാനമായ രീതിയിലാണ് പ്രസിഡന്റ് തിയോഡോര്‍ റൂസ്‌വെൽറ്റും ഡെമോക്രാറ്റിക് നേതാവായ ജോര്‍ജ് വാലസും ആക്രമിക്കപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോര്‍ജ് വാലസ് ക്യാമ്പയിനിടെയാണ് ആക്രമിക്കപ്പെട്ടത്.
ജോര്‍ജ് വാലസ്
മേരിലാന്‍ഡിലെ ലോറലിലുള്ള ഒരു ഷോപ്പിങ് മാളില്‍ വെച്ചാണ് ആക്രമണം നടന്നത്. മുന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്‌വെൽറ്റിന് വെടിയേല്‍ക്കുമ്പോള്‍ അദ്ദേഹം ട്രംപിന് സമാനമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മരിക്കുന്ന വരെ അദ്ദേഹത്തിന്റെ നെഞ്ചിനുള്ളില്‍ ബുള്ളറ്റ് തങ്ങിനിന്നിരുന്നു. ഇവര്‍ക്കെതിരായ ആക്രമങ്ങള്‍ യു.എസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറംലോകത്തേക്ക് എത്താന്‍ കാരണമാകുകയും ചെയ്തു.
ഇവര്‍ക്കെല്ലാം പുറമെ, 1901ല്‍ പ്രസിഡന്റ് വില്യം മക്കിന്‍ലിയും 1981ല്‍ റൊണാള്‍ഡ് റീഗനും 1975ല്‍ ജെറാള്‍ഡ് ഫോര്‍ഡും ആക്രമിക്കപ്പെടുകയുണ്ടായി. അമേരിക്കയുടെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായിരുന്ന വില്യം മക്കിന്‍ലി ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. അരാജകവാദിയായ ലിയോണ്‍ സോള്‍ഗോസാണ് മക്കിന്‍ലിയെ കൊലപ്പെടുത്തിയത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത അവസാനത്തെ പ്രസിഡന്റ് കൂടിയായിരുന്നു മക്കിന്‍ലി.
യു.എസിലെ മുപ്പത്തിയെട്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെറാള്‍ഡ് ഫോര്‍ഡ് കാലിഫോര്‍ണിയയില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. 17 ദിവസങ്ങള്‍ക്കിടയില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയുണ്ടായി. വാട്ടര്‍ഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാര്‍ഡ് നിക്സണ്‍ രാജിവെച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയായിരുന്നു.
വാഷിങ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന് വെടിയേറ്റത്. ആക്രമണത്തില്‍ പ്രസിഡന്റിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റീഗനെ ആക്രമിച്ച ജോണ്‍ ഹിങ്ക്ലി ജൂനിയര്‍ 2022ല്‍ മോചനം ലഭിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് പുറമെ നിരവധി രാഷ്ട്രത്തലവന്മാരും നേതാക്കളുമാണ് ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്. 2000ന് ശേഷം പാകിസ്ഥാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോയും സ്ലൊവാക്യന്‍ പ്രധാനമന്ത്രിയായ റോബര്‍ട്ട് ഫിക്കോയും ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു.
ബേനസീര്‍ ഭൂട്ടോ
2023 ഓഗസ്റ്റിലാണ് ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ ഫെര്‍ണാണ്ടോ വില്ലാവിസെന്‍സിയോ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അഴിമതികള്‍ക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
ജപ്പാന്‍, അര്‍ജന്റീന, ഇറാഖ്, ഹെയ്തി, വെനസ്വേല, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരകളായിരുന്നു. ഭരണവിരുദ്ധ വികാരം, വംശീയത, സാമ്പത്തിക പരിഷ്‌കരണം, അഴിമതി, ഇടതുപക്ഷത്തിന്റെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ നേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
Content Highlight: Attacks, including shootings, against political leaders at the global level