റഷ്യ, അമേരിക്ക, സൗദി അറേബ്യ, ഇസ്രഈല്‍; ഒരാഴ്ചക്കിടെ ലോകത്ത് നടത്തിയ വ്യോമാക്രമണങ്ങള്‍
World News
റഷ്യ, അമേരിക്ക, സൗദി അറേബ്യ, ഇസ്രഈല്‍; ഒരാഴ്ചക്കിടെ ലോകത്ത് നടത്തിയ വ്യോമാക്രമണങ്ങള്‍
നീതു രമമോഹന്‍
Sunday, 27th February 2022, 4:45 pm

റഷ്യ- ഉക്രൈന്‍ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ, ഇത് വ്യാപിപ്പിക്കാന്‍ തങ്ങളുടെ സേനക്ക് റഷ്യ നിര്‍ദേശം നല്‍കിയതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലിവീവ്, ചേര്‍നിഹിവ്, സുമി എന്നിവയടക്കമുള്ള അഞ്ച് ഉക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടിരിക്കുമ്പോഴും വിവിധ രാജ്യങ്ങളിലായി അമേരിക്ക, സൗദി അറേബ്യ, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളും ഇവരുടെ സഖ്യരാജ്യങ്ങളും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ആക്രമണ പരമ്പരകള്‍ വേണ്ടവിധം മാധ്യമശ്രദ്ധയോ അറ്റന്‍ഷനോ ലഭിക്കാതെ പോകുകയാണ്.

ഈ സാഹചര്യത്തില്‍, കഴിഞ്ഞ ഒരാഴ്ചയായി വിവിധ ലോകരാജ്യങ്ങളില്‍ മറ്റ് അധിനിവേശരാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണങ്ങളെ നമ്മള്‍ ‘അഡ്രസ്’ ചെയ്യേണ്ടതുണ്ട്.

സൊമാലിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണമാണ് ഇതിലൊന്ന്. ഇക്കഴിഞ്ഞ ഓഗസ്റ്റിന് ശേഷം സൊമാലിയയില്‍ അമേരിക്ക നടത്തിയ ആദ്യത്തെ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്.

സൊമാലിയയിലെ അല്‍-ഷബാബ് മിലിറ്റന്റ് ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെ നീക്കമാണ് ഡ്രോണാക്രമണങ്ങളില്‍ കലാശിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് ഫെബ്രുവരി 24ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൊമാലിയന്‍ സെക്യൂരിറ്റി ഫോഴ്സിനെതിരായ അല്‍-ഷബാബിന്റെ അറ്റാക്കിനുള്ള തിരിച്ചടി എന്ന പേരിലാണ് അമേരിക്ക ഇവിടെ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ അല്‍-ഷബാബ് പ്രവര്‍ത്തകരടക്കം എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

പെന്റഗണിന്റെ പ്രൊപ്പോസല്‍ പ്രകാരം സൊമാലിയയില്‍ മിലിറ്ററി ട്രൂപ്പുകളെ റീസ്റ്റോര്‍ ചെയ്യാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ജോ ബൈഡന്‍ സര്‍ക്കാര്‍. സൊമാലിയന്‍ സെക്യൂരിറ്റി ഫോഴ്സിനെ കാര്‍ഡിനേറ്റ് ചെയ്യാനും അസിസ്റ്റ് ചെയ്യാനും അവര്‍ക്ക് വേണ്ട ട്രെയിനിങ്ങും നിര്‍ദേശങ്ങളും നല്‍കാനുമാണ് ഈ നീക്കം, എന്നാണ് യു.എസ് വാദം.

യു.എസില്‍ നിന്നുള്ള മിലിറ്ററി ട്രെയിനര്‍മാര്‍ ഇടക്കിടെ സൊമാലിയ സന്ദര്‍ശിക്കുന്നുമുണ്ട്.

യെമനിലെ ഹജ്ജയില്‍ ഇക്കഴിഞ്ഞയാഴ്ച സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹ്ര് ഫെബ്രുവരി 21ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യെമനിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ ലക്ഷ്യം വെച്ചും സൗദി സഖ്യം നടത്തിയിട്ടുള്ള ആക്രമണങ്ങളില്‍ സിവിലിയന്‍സ് അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച, ഫെബ്രുവരി 20ന്, യെമനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ ഹര്‍സ് സിറ്റിയില്‍ സൗദി സഖ്യസേന 26 തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

24 മണിക്കൂറിനിടെ സൗദി നടത്തിയ രണ്ടാമത്തെ ആക്രമണമായിരുന്നു അത്. സാധാരണക്കാരുടെ വീടുകള്‍ക്ക് മേല്‍ ബോംബുകള്‍ പതിച്ചതായി യെമനിലെ ടെലിവിഷന്‍ ചാനല്‍ അല്‍-മസിറ റിപ്പോര്‍ട്ട് ചെയ്തു.

യെമനിലെ അല്‍-ഹുദെയ്ദ പ്രവിശ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ 24 മണിക്കൂറിനിടെ സൗദി 163 തവണ ലംഘിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 മാര്‍ച്ചിലായിരുന്നു തന്റെ സഖ്യരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സൗദി അറേബ്യ യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ ആക്രമണം എന്ന പേരില്‍ ആക്രമണങ്ങളും സൈനിക നീക്കങ്ങളും ആരംഭിച്ചത്. അമേരിക്കയുടെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടെയും ആയുധ പിന്തുണയും സൗദിക്ക് ഇക്കാര്യത്തിലുണ്ട്.

അന്‍സറുല്ല മൂവ്മെന്റ് അഥവാ ഹൂതി മൂവ്മെന്റിന് അവസാനം കുറിച്ച് സൗദി പിന്തുണയോടെയുള്ള സര്‍ക്കാരിനെ തിരികെ യെമനില്‍ ഭരണത്തിലെത്തിക്കുക എന്നതാണ് ഇന്ന് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴിലുള്ള ഈ ഗള്‍ഫ് രാജ്യം ലക്ഷ്യമിടുന്നത്.

സാധാരണ പൗരന്മാരടക്കമുള്ള ആയിരക്കണക്കിന് പേരാണ് ഇതുവരെ യെമനില്‍ സൗദി-ഹൂതി ആക്രമണ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ആയുധങ്ങളടക്കം നല്‍കിക്കൊണ്ട് ഇതില്‍ അമേരിക്ക വഹിച്ച പങ്കും ചെറുതല്ല.

ഇക്കഴിഞ്ഞയാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് സമീപം ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ് ട്വന്റിഫോര്‍ ഫെബ്രുവരി 24ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയന്‍ സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ദരിച്ചുള്ളതാണ് വാര്‍ത്ത.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഫെബ്രുവരി മാസത്തില്‍ മാത്രം സിറിയക്കുള്ളില്‍ ഇസ്രഈല്‍ നടത്തുന്ന നാലാമത്തെ വ്യോമാക്രമണമായിരുന്നു ഇത്.

”നിരവധി മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രഈല്‍ വ്യോമാക്രമണം നടത്തി,” എന്നായിരുന്നു സിറിയന്‍ സ്റ്റേറ്റ് മാധ്യമമായ SANA റിപ്പോര്‍ട്ട് ചെയ്തത്.

പടിഞ്ഞാറന്‍ ഏഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുപ്പമുള്ള സുഹൃത്രാജ്യം കൂടിയാണ് ഇസ്രഈല്‍.

പത്ത് വര്‍ഷത്തിലധികമായി സിറിയ ആഭ്യന്തരയുദ്ധത്തിലൂടെയാണ് കടന്നുപോകുന്നത്. അന്നുമുതല്‍ ഇതുവരെ നൂറുകണക്കിന് ആക്രമണപരമ്പരകളാണ് ഇസ്രഈല്‍ സിറിയയില്‍ നടത്തിയിട്ടുള്ളത്.

അതേസമയം, റഷ്യന്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇപ്പോള്‍ ഉക്രൈനിലുണ്ടായ മരണങ്ങളുടെയും മറ്റ് അപകടങ്ങളുടെയും കണക്കുകള്‍ ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിട്ടുണ്ട്.

240 സിവിലിയന്‍ കാഷ്വാലിറ്റികള്‍ ഇതുവരെ ഉണ്ടായതായാണ് യു.എന്നിന്റെ ഹ്യുമാനിറ്റേറിയന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 64 സാധാരണക്കാര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റഷ്യന്‍ അധിനിവേശം തുടങ്ങിയത് മുതല്‍ ഏകദേശം ഒരു ലക്ഷത്തിലധികം പേര്‍ ഉക്രൈനില്‍ നിന്നും പലായനം ചെയ്തതായാണ് യു.എന്‍ പറയുന്നത്. യുദ്ധം തുടരുകയാണെങ്കില്‍ കുറഞ്ഞത് 50 ലക്ഷം പേരെങ്കിലും യൂറോപ്പിലേക്കടക്കം പലായനം ചെയ്യുമെന്നാണ് അമേരിക്ക അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയത്.


Content Highlight: Attacks by Israel, Saudi, America, Russia in the last week in Yemen, Somalia, Syria, Ukraine

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.