വ്യക്ത്യധിക്ഷേപങ്ങളിലെയും വ്യാജപ്രചരണങ്ങളിലെയും വര്‍ദ്ധനവ്: സൈബര്‍ നിയമങ്ങള്‍ അപര്യാപ്തമെന്നു പരാതി
Vigilantism
വ്യക്ത്യധിക്ഷേപങ്ങളിലെയും വ്യാജപ്രചരണങ്ങളിലെയും വര്‍ദ്ധനവ്: സൈബര്‍ നിയമങ്ങള്‍ അപര്യാപ്തമെന്നു പരാതി
ശ്രീഷ്മ കെ
Saturday, 28th July 2018, 10:21 am

ഹനാനെതിരെയുണ്ടായ വാര്‍ത്താപ്രചരണത്തിലൂടെ സൈബറിടങ്ങളിലെ വ്യക്തിഹത്യയും വ്യാജവാര്‍ത്ത ചമയ്ക്കലും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തനിക്ക് അനഭിമതമായ അഭിപ്രായങ്ങളുള്ളവരെ പരസ്യമായി ആക്ഷേപിക്കുകയും മറ്റെല്ലാ തരത്തിലും അപമാനിക്കുകയും ചെയ്യുന്ന പ്രവണത സമൂഹമാധ്യമങ്ങളില്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നതിന്‍റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഹനാന്‍റെ കഥ.

“പൊങ്കാലയിടല്‍” എന്ന വിളിപ്പേരിലെല്ലാം അറിയപ്പെട്ട സംഘടിത അക്രമം അതിന്‍റെ മൃദു സ്വഭാവത്തില്‍നിന്നും വളര്‍ന്ന് അങ്ങേയറ്റം അപകടകരമായി മാറിയത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്.  ഹനാനെ അധിക്ഷേപിച്ചുകൊണ്ടുള്ള അശ്ലീല കമന്‍റുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ വരെ ഉണ്ടായ സൈബര്‍ അക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും വിരല്‍ ചൂണ്ടുന്നത് നിയമനിര്‍മാണത്തിലെയോ അത് നടപ്പില്‍ വരുത്തുന്നതിലെയോ അപാകതകളിലേക്കു തന്നെയാണ്.


ALSO READ: കേരളം തന്റെ കൂടെയുണ്ട്, ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കുക; നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഹനാന്‍


ഐ.ടി ആക്ടിലെ എടുത്തുമാറ്റിയ സെക്ഷന്‍ 66 എ എങ്ങനെയെല്ലാം ഈ അതിക്രമങ്ങളെ തടഞ്ഞേനെ എന്ന മട്ടിലുള്ള ചര്‍ച്ചകളും പതിയെ തലപൊക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ പാടേ ഹനിക്കുന്ന തരത്തിലുള്ള ക്ലോസുകളടങ്ങുന്നതാണ് എന്നതു ചൂണ്ടിക്കാട്ടിയാണ് വിവാദപരമായ സെക്ഷന്‍ എടുത്തുമാറ്റാനുള്ള പ്രതിഷേധ പരിപാടികള്‍ നടന്നത്.

ആളുകളെ അവര്‍ക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നതും സ്പര്‍ധയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇലക്ട്രോണിക് മാധ്യമങ്ങളുപയോഗിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതും മൂന്നു വര്‍ഷം വരെ  തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നത് 66എയില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര മാറ്റങ്ങള്‍ വരുത്തി ഈ നിയമം തുടര്‍ന്നിരുന്നെങ്കില്‍, ഇത്രയേറെ അതിക്രമങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വേദിയാവില്ലായിരുന്നു എന്ന രീതിയിലാണ് ഒരു വിഭാഗത്തിന്‍റെ വാദം.


Image result for cyber law


66എയുടെ ഉദ്ദേശം യഥാര്‍ത്ഥത്തില്‍ സൈബര്‍ സ്പേസില്‍ വ്യക്തികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയുക എന്നതായിരുന്നുവെന്നും, എന്നാല്‍ അതു നിലനിന്ന രൂപം വളരെയേറെ അപകടകരമായിരുന്നുവെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നു. “ഏതു വ്യക്തിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രസ്താവനകള്‍ അതിനുകീഴില്‍ കൊണ്ടുവരാമായിരുന്നു എന്നതിനാലാണ് 66എ എടുത്തുമാറ്റിയത്. സത്യത്തില്‍ അത് അങ്ങിനെയല്ല വരേണ്ടിയിരുന്നത്. ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും 19ആം അനുഛേദത്തെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന കൃത്യങ്ങള്‍ മാത്രം ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ആക്ടായിരുന്നു നമുക്ക് വേണ്ടിയിരുന്നത്.” ഹരീഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.


ALSO READ: അമ്മ പെറ്റ മക്കള്‍ ആണോ ഇതൊക്കെ എഴുതിയത്? : സൈബര്‍ ആക്രമണത്തിനെതിരെ പി.കെ ശ്രീമതി എം.പി


“നിലവില്‍ ഐ.ടി ആക്ടിലെ 67എ പ്രകാരം നഗ്നചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സൈബര്‍ ലൈംഗികാതിക്രമങ്ങളെ തടയുന്നതില്‍ 67എ എത്രത്തോളം ഫലവത്താണോ, അത്രത്തോളം തന്നെ കാര്യക്ഷമമായ ഒരു നിയമമായി സൈബര്‍ വ്യക്ത്യധിക്ഷേപങ്ങളുടെ കാര്യത്തില്‍ 66എ നിലനിന്നേനെ – കൃത്യമായ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നെങ്കില്‍. ഇപ്പോള്‍ ഐ.ടി ആക്ടിലെ അപര്യാപ്തത കാരണം ഓരോത്തരും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യേണ്ട അവസ്ഥയാണുള്ളത്.”

“വ്യക്തികളെ അധിക്ഷേപിക്കുന്നത് തടയാന്‍ നിലവില്‍ ഐ.ടി ആക്ടില്‍ യാതൊരു പ്രൊവിഷനുമില്ല. ഒരു ലീഗല്‍ വാക്വം നിലനില്‍ക്കുന്ന അവസ്ഥയാണ്. കോടതി ചെയ്യേണ്ടിയിരുന്നത് ഈ വാക്വം നികത്തുക എന്നതായിരുന്നു. മറിച്ച്, അതില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ അത് എടുത്തുമാറ്റുകയാണ് കോടതി ചെയ്തത്. പൂര്‍ണമായി ഷട്ട് ഡൗണ്‍ ചെയ്യുന്നതിനു പകരം അതില്‍ മാറ്റങ്ങള്‍ വരുത്തുകയായരുന്നു വേണ്ടത്.” ഹരീഷ് പറയുന്നു.


Image result for cyber law


നിയമങ്ങളിലെ പഴുതുകളും അപര്യാപ്തതയും എടുത്തുപറയേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുമ്പോഴും, ഈ വിഷയത്തില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുന്നത് 66എ പോലുള്ള ജനാധിപത്യവിരുദ്ധ ആക്ടുകള്‍ക്കേ വഴിയൊരുക്കുകയുള്ളൂ എന്ന വാദിക്കുന്നവരാണ് അധികവും. സൈബറിടങ്ങളിലെ വ്യക്ത്യധിക്ഷേപങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമങ്ങള്‍ ഇപ്പോള്‍ത്തന്നെ പീനല്‍കോഡിലും മറ്റും ഉണ്ടെന്നും, അവ കര്‍ശനമായി പാലിക്കപ്പെടാത്തതാണ് കുറ്റകൃത്യങ്ങളിലെ വര്‍ദ്ധനവിന് കാരണമെന്നും സൈബര്‍ ആക്ടിവിസ്റ്റായ അനിവര്‍ അരവിന്ദ് പറയുന്നു.


സൈബര്‍ ആക്രമണവും വര്‍ഗീയ ചേരിതിരിവും; പൊലീസില്‍ പ്രത്യേക ഐ.ടി സെല്‍ രൂപീകരിച്ചു


“66എ ഒരു ഡ്രാക്കോണിയന്‍ നിയമമായിരുന്നു. അതല്ല ഈ പ്രശ്നങ്ങള്‍ക്കുള്ള മറുപടി.ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നടപടി എടുക്കാന്‍ വേണ്ട നിയമങ്ങള്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ത്തന്നെയുണ്ട്. കേസുകള്‍ കര്‍ശനമായി എടുക്കാറില്ല എന്നതാണ് കാര്യം. ഹനാന്‍റേതു പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ടതും ഇപ്പോഴത്തെ സാഹര്യത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെടേണ്ടതുമായ കാര്യം വ്യാജവാര്‍ത്തകളുടെ പ്രചരണമാണ്. ഫേക്ക ന്യൂസിനെ നിയന്ത്രിക്കേണ്ടത് സര്‍ക്കാര്‍ സര്‍വെയിലന്‍സ് വഴിയല്ല.” അനിവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഇത്തരം പ്രചരണങ്ങള്‍ തടയേണ്ടതിന്‍റെ ഉത്തരവാദിത്തം ഫേസ്ബുക്കും വാട്സ് ആപ്പും അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ക്കുണ്ട്. വിചാരണപോലുമില്ലാതെ തടവിലിടാനുള്ള വകുപ്പുകളടങ്ങുന്ന 66എ ഒരിക്കലും ഒരു ബദല്‍ മാര്‍ഗ്ഗമല്ല. സിവില്‍ സൊസൈറ്റി ഒരുപാട് സമരം ചെയ്തിട്ടാണ് അത് എടുത്തുകളഞ്ഞത്. അത്തരം കാടന്‍ നിയമങ്ങള്‍ വീണ്ടും കൊണ്ടുവരികയല്ല വേണ്ടത്. ഇതുപോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഐ.ടി ആക്ടില്‍ത്തന്നെ സെക്ഷന്‍ 67ലും 69ലും വകുപ്പുകളുണ്ടല്ലോ.” അനിവര്‍ ചോദിക്കുന്നു.

ഇന്‍റര്‍മീഡിയറികള്‍ക്കുള്ള ശക്തമായ മാര്‍ഗരേഖകള്‍ മറ്റു സെക്ഷനുകളിലുമുണ്ടെന്നും നിയമമില്ലാത്തതല്ല, മറിച്ച നടപടി എടുക്കേണ്ടവര്‍ അത് ചെയ്യാത്തതാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നമെന്നും സമൂഹമാധ്യമങ്ങളിലെ അവകാശ പ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നു.

വ്യക്തികളുടെ ആശയപ്രകാശന സ്വാതന്ത്ര്യത്തെ എതിര്‍ത്തുകൊണ്ടല്ല അധിക്ഷേപങ്ങള്‍ ഇല്ലാതാക്കേണ്ടത്. ഫാക്ട് ചെക്കിംഗ് ഇല്ലാതെ വാര്‍ത്തകള്‍ പടരുന്ന വേഗത്തെ പ്ലാറ്റ്ഫോമുകളാണ് പരിശോധിക്കേണ്ടത്. ഫാക്ട് ചെക്ക് ബട്ടണ്‍ പോലുള്ളവ കൊണ്ടുവരുന്നതിനു പകരം വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അനിവര്‍ അഭിപ്രായപ്പെടുന്നു.

ഹനാന്‍റെ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത നടപടിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, ഐ.ടി ആക്ടിലെ പഴുതുകളെക്കുറിച്ചും വേണ്ടത്ര കാര്യക്ഷമതയില്ലാത്ത

നീതിനിര്‍വഹണ സംവിധാനത്തെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടാകേണ്ടതുണ്ട്.