| Thursday, 24th August 2023, 11:57 am

പാകിസ്ഥാനില്‍ ചര്‍ച്ചുകള്‍ക്ക് നേരെയുള്ള ആക്രമണം; 60 പേര്‍ കൂടി അറസ്റ്റില്‍; ആകെ 200ലധികം പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ 21 ക്രിസ്ത്യന്‍ പള്ളികളില്‍ നടത്തിയ ആക്രമണത്തില്‍ 60 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോട് കൂടി അറസ്റ്റിലായവരുടെ എണ്ണം 200 കടന്നെന്ന് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പൊലീസ് (ഐ.ജി.പി) ഡോ. ഉസ്മാന്‍ അന്‍വറിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ജറന്‍വാല സംഭവത്തില്‍ ഞങ്ങള്‍ 60പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 200 ആയി. വീഡിയോ ഫൂട്ടേജിലൂടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. പ്രതികളെ ശിക്ഷിക്കുന്നതിനുള്ള എല്ലാത്തരം തെളിവുകളും തീവ്രവാദ വിരുദ്ധ കോടതിയില്‍ പൊലീസ് ഹാജരാക്കും. ഈ കേസിലൂടെ ഞങ്ങള്‍ മാതൃക സൃഷ്ടിക്കും,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തകര്‍ന്ന എല്ലാ പള്ളികളും ഈ ആഴ്ച തന്നെ പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നിലനിര്‍ത്താന്‍ പഞ്ചാബ് സര്‍ക്കാരിന് സാധിച്ചില്ലെന്ന് പാകിസ്ഥാന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് നപ്പോളിയന്‍ ഖയ്യൂം പറഞ്ഞു. അക്രമത്തില്‍ വീടുകള്‍ തകര്‍ന്ന വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികള്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ നഷ്ടപരിഹാരത്തിന് വേണ്ടി നിരവധി കുടുംബങ്ങള്‍ കാത്തിരിക്കുകയാണ്. ദുരിത ബാധിതരായ ക്രിസ്ത്യാനികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സംവിധാനങ്ങള്‍ പോലും സര്‍ക്കാര്‍ ക്രമീകരിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

94 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അക്രമത്തില്‍ 200 വീടെങ്കിലും തകര്‍ന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്.

ക്രിസ്ത്യാനികള്‍ ഖുര്‍ആന്‍ കീറിയതായി ആരോപിച്ചാണ് ഓഗസ്റ്റ് 16ന് ഫൈസലാബാദ് ജില്ലയിലെ ജറന്‍വാല തഹ്‌സിലിലെ ക്രിസ്ത്യാനികളുടെ നിരവധി പള്ളികളും വീടുകളും ജനക്കൂട്ടം ആക്രമിച്ചത്. ജറന്‍വാലയിലെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രിബൈസ്റ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച്, ഷെറുണ്‍ വാല ചര്‍ച്ച് തുടങ്ങിയവയാണ് കത്തിച്ചത്.

തീവ്രവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: Attack on Talks in Pakistan; 60 more arrested; A total of more than 200 people are in custody

We use cookies to give you the best possible experience. Learn more