| Thursday, 3rd October 2019, 11:05 am

അഗ്നിവേശിനെ ആക്രമിച്ചത് ഹിന്ദുത്വ ശക്തികള്‍ തന്നെ; 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വാമി അഗ്‌നിവേശിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍  50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൂജപ്പുര പൊലീസാണ് കേസെടുത്തത്.

തിരുവനന്തപുരം പൂജപ്പുരയില്‍ വൈദ്യമഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് സ്വാമി അഗ്‌നിവേശിനെതിരെ കയ്യേറ്റം ഉണ്ടായത്. ഹിന്ദുത്വശക്തികള്‍ തന്നെ കയ്യേറ്റം ചെയ്തുവെന്ന് അഗ്‌നിവേശ് പറഞ്ഞിരുന്നു.

ഹിന്ദുവിരുദ്ധനെന്ന് മുദ്രാവാക്യം മുഴക്കിയാണ് തന്നെ ആക്രമിച്ചതെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു.മഹാത്മജിയുടെ 150 ാം ജന്മദിനത്തില്‍ കേരളത്തില്‍ നിന്ന് നേരിട്ട സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നേരത്തെയും സ്വാമി അഗ്‌നിവേശിന് നേരെ ആക്രമം ഉണ്ടായിട്ടുണ്ട്. എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയാണ് സ്വാമി അഗ്‌നിവേശ്.

നേരത്തെ ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു അഗ്‌നിവേശ് ഹൈന്ദവസംഘടനകളുടെ ആക്രമണത്തിനിരയായത്.ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. അഗ്‌നിവേശിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്‌നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ അംഗമായിട്ടുമുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള ”ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍” നീക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് അഗ്‌നിവേശ്.

ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്‌നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more